ഏതു രാജ്യത്ത് പോകാനും ഫ്ളൈറ്റ് ടിക്കറ്റും പജേറോ കാറും, ആന്റണി പെരുമ്പാവൂരിന് വിവാഹ സമ്മാനമായി നൽകിയത്

Saturday 10 September 2022 3:31 PM IST

മാന്ത്രികം എന്ന സിനിമയും ക്യാപ്‌റ്റൻ സ്‌റ്റീഫൻ റൊണാൾഡും മലയാളികൾക്ക് ഇന്നും ഹരമാണ്. മോഹൻലാലിന്റെ സൂപ്പർ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരുന്നു 1995ൽ പുറത്തിറങ്ങിയ മാന്ത്രികം. പ്രിയ രാമൻ, വിനീത, മിത്ര ജോഷി എന്നിവരായിരുന്നു നായികമാർ. അക്കാലത്ത് സൂപ്പർ ഹിറ്റായ ചിത്രത്തിൽ ജഗദീഷ്, രഘുവരൻ, രാജൻ പി ദേവ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ‌്ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ രാജൻ പൂജപ്പുര.

'മാന്ത്രികത്തിലെ ദ്വീപ് സീനുകൾ ചിത്രീകരിച്ചത് പോണ്ടിച്ചേരിയിലാണ്. ആന്റണിയുടെ കല്യാണം നടക്കുന്നത് മാന്ത്രികം സമയത്താണ്. കല്യാണം കഴിഞ്ഞ് ആന്റണിക്ക് പോകാൻ പജേറൊ കാറും ഏതു രാജ്യത്ത് പോകാനും ഫ്ളൈറ്റ് ടിക്കറ്റും കൊടുത്തുവിട്ടു. മോഹൻലാൽ അന്ന് ഷൂട്ടിംഗ് സ്ഥലത്തു നിന്ന് പോകുന്നത് അംബാസിഡർ കാറിലായിരുന്നു. എസി കാർ എന്നു പറയുന്നതു തന്നെ അന്നൊക്കെ വളരെ ചുരുക്കമാണ്. ഒരു തരത്തിലുള്ള പരാതിയും ലാലേട്ടന് ഉണ്ടായിരുന്നില്ല. ഭക്ഷണ കാര്യത്തിലടക്കം ഒരു പരാതിയുമില്ല.

മാന്ത്രികത്തിന്റെ ഫൈറ്റുകളൊക്കെ ഡ്യൂപ്പില്ലാതെയാണ് മോഹൻലാൽ അഭിനയിച്ചത്. സൂപ്പർ സുബ്ബരായനായിരുന്നു ഫൈറ്റ് മാസ്‌റ്റർ. ഡ്യൂപ്പിടാമെന്ന് സുബ്ബരായൻ പറഞ്ഞപ്പോഴും സമ്മതിക്കാത്തത് ലാലേട്ടനായിരുന്നു'.