പുത്തൻചന്ത - മാടൻനട റോഡ് തകർച്ചയിൽ

Sunday 11 September 2022 3:33 AM IST

വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ പുത്തൻചന്ത -മാടൻ നട റോഡ് തകർന്ന് തരിപ്പണമായിട്ടും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളുടെ മദ്ധ്യ ഭാഗത്തുകൂടി കടന്നുപോകുന്ന റോഡാണിത്. റോഡിന്റെ പലഭാഗത്തും കുഴികളാണ്. മിക്ക ഭാഗങ്ങളിലും ടാറിളകി. സ്കൂൾ ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. കുഴികൾ നിറഞ്ഞതിനാൽ അപകടസാദ്ധ്യതയുമുണ്ട്. മഴ ശക്തമായതോടെ മണ്ണൊലിച്ചിറങ്ങിയും കുഴികളിൽ വെള്ളം കെട്ടിനിന്നും ചെളിയാകുകയും ചെയ്തു.

പുത്തൻ ചന്ത റെയിൽവേ പാലത്തിനു സമീപത്തുകൂടി മാടൻനട ഭാഗത്തേക്കാണ് പഞ്ചായത്ത് റോഡുള്ളത്. ഈ ഭാഗത്തേയ്ക്കുള്ള പ്രധാന റോഡാണിത്. മങ്ങാട് മാടൻകാവ് ദേവീ ക്ഷേത്രം, അയന്തി, കാട്ടുവിള, കയറ്റാഫീസ് എന്നിവിടങ്ങളിലേക്കും ഈ റോഡുവഴി പോകാനാകും. പൂർണമായി ടാർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിനെ ആശ്രയിക്കുന്നത്. ഒരു കിലോമീറ്ററോളം നീളമുള്ളതിനാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നാണ് അധികൃതരുടെ ഭാഷ്യം.

Advertisement
Advertisement