തിരസ്‌കാരത്തിന്റെ രീതിശാസ്ത്രം

Sunday 11 September 2022 2:23 AM IST

1957 മാർച്ച് 17 -ാം തീയതിയാണ് റമോൺ മഗ്‌സാസെ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഫിലിപ്പീൻസിന്റെ ഏഴാമത്തെ പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റിട്ട് മൂന്നു വർഷമേ ആയിരുന്നുള്ളൂ. അതിനകം അതിപ്രഗത്ഭനെന്നു തെളിയിച്ചു - രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തി, സൈന്യത്തെ നവീകരിച്ചു, കലാപകാരികളെ അടിച്ചമർത്തി ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പു വരുത്തി. എല്ലാത്തിനുമുപരി അഴിമതിയുടെ കറപുരളാത്ത നേതാവായിരുന്നു മഗ്‌സാസെ. സംശുദ്ധമായ പ്രതിഛായയായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ആധാരം. മരിക്കുന്ന സമയത്ത് മഗ്‌സാസെക്ക് അമ്പതു വയസ് തികഞ്ഞിരുന്നില്ല. അദ്ദേഹം ഏതാനും വർഷം കൂടി ജീവിച്ചിരിന്നെങ്കിൽ ഫിലിപ്പീൻസിന്റെ ചരിത്രം തന്നെ മാറിപ്പോകുമായിരുന്നു. പിന്നീട് ആ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഫെർഡിനന്റ് മർക്കാേസിനെപ്പോലെയുള്ള അഴിമതിക്കാരുടെ ഭരണത്തിലേക്കും കൂപ്പു കുത്തി. തെക്കുകിഴക്കേ ഏഷ്യ കണ്ട എക്കാലത്തെയും ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളിൽ ഒരാളായി മഗ്‌സാസെ വിലയിരുത്തപ്പെടുന്നു.

1958 മുതൽ റമോൺ മഗ്‌സാസെ ഫൗണ്ടേഷൻ ഏഷ്യാ വൻകരയിൽ വിവിധ ശാഖകളിൽ സംഭാവന അർപ്പിച്ചവർക്ക് അവാർഡ് നൽകാൻ തുടങ്ങി. ആദ്യവർഷം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ സർവോദയ നേതാവ് ആചാര്യ വിനോബഭാവെയും ഉൾപ്പെട്ടു. സി.ഡി ദേശ്‌മുഖ്, വർഗ്ഗീസ് കുര്യൻ, ജയപ്രകാശ് നാരായൺ, കമലാദേവി ചതോപാദ്ധ്യായ, സത്യജിത്റായ്, എം.എസ്. സ്വാമിനാഥൻ, എം.എസ്. സുബ്ബുലക്ഷ്‌മി, ബി.ജി. വർഗ്ഗീസ്, അരുൺ ഷൂറി, ബാബാ ആംതെ, പണ്ഡിറ്റ് രവി ശങ്കർ, കിരൺ ബേദി, ടി.എൻ. ശേഷൻ, മഹാശ്വേതാദേവി, അരുണ റോയ്, അരവിന്ദ് കെജ്‌രിവാൾ, പി. സായ്‌നാഥ് എന്നിവരൊക്കെ ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടിയവരാണ്. ഏഷ്യൻ നോബേൽ എന്നാണ് മഗ്‌സാസെ അവാർഡ് അറിയപ്പെടുന്നത്. അവാർഡ് തുകയ്ക്കും ഫലകത്തിനുമുപരി അതു നേടിയവരുടെ മഹത്വത്തിലാണ് മഗ്‌സാസെ അവാർഡിന്റെ മേന്മ. നോബേൽ സമ്മാനം ചിലപ്പോഴെങ്കിലും അനർഹർക്ക് കിട്ടിയിട്ടുണ്ട് ; പലപ്പോഴും അർഹർക്ക് ലഭിച്ചിട്ടുമില്ല. മഗ്‌സാസെ അവാർഡിനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ആക്ഷേപം ആരും പറയുകയില്ല. എല്ലായിപ്പോഴും അർഹതയും യോഗ്യതയും ഉള്ളവർക്കു മാത്രമേ ആ പുരസ്കാരം ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ മറ്റൊരു സമ്മാനത്തിനും ഇല്ലാത്ത മേന്മ മഗ്‌സാസെ അവാർഡിന് അവകാശപ്പെടാൻ കഴിയും.

റമോൺ മഗ്‌സാസെ അവാർഡിന് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ പരിഗണിച്ചുവെന്നും പാർട്ടി വിലക്കിയതിനാൽ അവർ പുരസ്കാരം നിരാകരിക്കാൻ നിർബന്ധിതയായി എന്നുമുള്ള വാർത്ത ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ടെലിവിഷൻ ചാനലുകളും അതേറ്റുപിടിച്ചു. എട്ടുമണിക്ക് ചർച്ച സംഘടിപ്പിച്ചു. അടുത്ത ദിവസം മലയാള പത്രങ്ങളിലും ആ വാർത്ത മത്തങ്ങയായി വന്നു. തന്റെ പേര് അവാർഡിന് പരിഗണിച്ചിരുന്നുവെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നിരാകരിച്ചതെന്നും ഷൈലജ ടീച്ചർ സ്ഥിരീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പാർട്ടി തീരുമാനത്തെ ന്യായീകരിച്ചു. അവാർഡ് നിരാകരിക്കാൻ മൂന്നു കാരണങ്ങളാണ് പാർട്ടി പറയുന്നത്. ഒന്നാമതായി കേരളത്തിന്റെ ആരോഗ്യ രംഗത്തുണ്ടായ പുരോഗതി ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം നേട്ടമായി കണക്കാക്കാനാവില്ല. രണ്ടാമത് സജീവ രാഷ്ട്രീയത്തിൽ തുടരുന്നവർക്ക് മഗ്‌സാസെ പുരസ്കാരം നൽകാറില്ല. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം റമോൺ മഗ്‌സാസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു എന്നു മാത്രമല്ല ഫിലിപ്പീൻസിൽ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തുന്നതിന് നേതൃത്വം കൊടുത്തയാളുമായിരുന്നു. ആരോഗ്യ രംഗത്ത് പ്രത്യേകിച്ച് നിപ്പ, കൊറോണ പ്രതിരോധത്തിൽ കേരള സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഷൈലജ ടീച്ചറുടെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ മാത്രമായി ചുരുക്കി കാണാൻ കഴിയില്ല. അതേസമയം അവർക്ക് ലഭിക്കുമായിരുന്ന പുരസ്‌കാരം മൊത്തം ആരോഗ്യ പ്രവർത്തകർക്കുമുള്ള അംഗീകാരമായി വാഴ്‌ത്തപ്പെടുമായിരുന്നു. അതിനുള്ള സാദ്ധ്യതയാണ് പാർട്ടിയുടെ ദുശാഠ്യത്താൽ നഷ്ടപ്പെട്ടത്. സജീവ രാഷ്ട്രീയത്തിൽ തുടരുന്നവർക്ക് അവാർഡ് കൊടുക്കണമോ വേണ്ടയോ എന്ന കാര്യം ജൂറിയാണ് പരിഗണിക്കേണ്ടത്. അതു അവാർഡ് നൽകുന്നവരുടെ മാത്രം പരിഗണനാ വിഷയമാണ് ; അവാർഡ് ലഭിക്കുന്നവരുടെയല്ല. മഗ്‌സാസെ അവാർഡ് നേടിയവർ പിന്നീടൊരിക്കലും രാഷ്ട്രീയത്തിൽ തുടരരുത് എന്ന വ്യവസ്ഥ അവരുടെ നിയമാവലിയിലില്ല ; ഇന്ത്യൻ ഭരണഘടനയിലുമില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധൻ എന്നു പാർട്ടി കുറ്റപ്പെടുത്തുന്ന മഗ്‌സാസെയുടെ പേരിലുള്ള അവാർഡ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗം മുമ്പ് കൈപ്പറ്റിയിട്ടുള്ളതാണ്; അദ്ദേഹം ഇപ്പോൾ മന്ത്രിയുമാണ്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗത്തിന് ഈ പുരസ്കാരത്തോട് അയിത്തം തോന്നേണ്ടതില്ല. റമോൺ മഗ്‌സാസെ കമ്മ്യൂണിസ്റ്റുകാരനോ ഇടതുപക്ഷക്കാരനോ ആയിരുന്നില്ല. അദ്ദേഹം അമേരിക്കൻ പക്ഷപാതിയും തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു. 1898 മുതൽ 1946 വരെ അമേരിക്കയുടെ കോളനിയായിരുന്നു ഫിലിപ്പീൻസ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും അമേരിക്കയുടെ ഉപഗ്രഹരാഷ്ട്രമായി തുടർന്നു. ഫിലിപ്പീൻസിന്റെ വിദേശനയം ഏതുകാലത്തും അമേരിക്കയാണ് തീരുമാനിച്ചിരുന്നത്. മഗ്‌സാസെയുടെ കാലത്തും അതങ്ങനെ തന്നെയായിരുന്നു. മാത്രവുമല്ല അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ് 1954 ൽ വിഖ്യാതമായ മനില ഉടമ്പടി ഒപ്പുവച്ചതും നാറ്റോ മാതൃകയിൽ തെക്കു കിഴക്കൻ ഏഷ്യൻ ഉടമ്പടി രാഷ്ട്ര സംഘടന (എസ്.ഇ.എ.ടി.ഒ) നിലവിൽ വന്നതും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തെക്കു കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലൊക്കെ കമ്മ്യൂണിസ്റ്റ് ഭീഷണി രൂക്ഷമായിരുന്നു. അമേരിക്കയുടെ സഹായത്തോടെയാണ് മലയയും തായ്‌ലൻഡും ഫിലിപ്പീൻസുമൊക്കെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ തുരത്തിയത്. മഗ്‌സാസെ പ്രതിരോധ സെക്രട്ടറിയായിരുന്ന 1950 - 53 കാലത്താണ് ഫിലിപ്പീൻസിൽ കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികളെ അമർച്ച ചെയ്തത്. പക്ഷേ അതൊന്നും മഗ്‌സാസെ പുരസ്കാരത്തിന്റെ ശോഭ കുറയ്ക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ടാണല്ലോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം ഈ അവാർഡ് കൈ നീട്ടി വാങ്ങിയത്. ഇൻഡോനേഷ്യയിൽ ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്ത ജനറൽ സുഹാർത്തോയുടെ അടുത്ത സഹായികളും സഹകാരികളുമായിരുന്നു സലിം ഗ്രൂപ്പ്. അവർക്ക് നന്ദിഗ്രാമിൽ കെമിക്കൽ ഹബ് തുടങ്ങാൻ ചുവന്ന പരവതാനി വിരിച്ചത് ബുദ്ധദേവ് ഭട്ടാചാര്യ നയിച്ച ഇടതു മുന്നണി സർക്കാരായിരുന്നു. സലിം ഗ്രൂപ്പിനെയും നന്ദിഗ്രാം കൂട്ടക്കൊലയെയും ന്യായീകരിച്ചവരാണ് ഇപ്പോൾ റമോൺ മഗ്‌സാസെയുടെ ജാതകം തിരയുന്നത്.

അവാർഡ് വാങ്ങുന്നതിൽ നിന്ന് ഷൈലജ ടീച്ചറെ വിലക്കാനുള്ള യഥാർത്ഥ കാരണം എന്തെന്നാൽ അവർ ഇപ്പോൾ പാർട്ടി സംസ്ഥാന നേതൃത്വത്തിന് അനഭിമതയാണ്. ആദ്യം നിപ്പയ്ക്കും പിന്നീട് കൊറോണയ്ക്കുമെതിരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഷൈലജ ടീച്ചർക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. അതോടാെപ്പം നിരവധി വിരോധികളുമുണ്ടായി. അവർ പാർട്ടിയെക്കാൾ, മുഖ്യമന്ത്രിയെക്കാൾ ജനപ്രീതി നേടിയെന്ന തോന്നൽ ചില നേതാക്കൾക്കെങ്കിലും ഉണ്ടായി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയതും ടീച്ചർക്ക് വിനയായി. അതുകൊണ്ടു കൂടിയാണ് ഇത്തവണ മന്ത്രിസഭയിൽ ഇടം കിട്ടാഞ്ഞത്. മഗ്‌സാസെ അവാർഡ് സ്വീകരിച്ചിരുന്നെങ്കിൽ അവരുടെ താരമൂല്യം ഇനിയും ഉയരുമായിരുന്നു. ഇത്രയും പ്രഗത്ഭയായ ടീച്ചറെ എന്തുകൊണ്ടു മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി എന്ന ചോദ്യം വീണ്ടും ഉയർന്നു വരികയും ചെയ്തേനേ. ഒന്നാം പിണറായി സർക്കാരിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ. തോമസ് ഐസക്ക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ മുതലായവരെ ഒഴിവാക്കിയതിന് കാരണം പറയേണ്ടി വരുമായിരുന്നു. അതൊഴിവാക്കാൻ കൂടി വേണ്ടിയാണ് ടീച്ചറെ പാർട്ടി വിലക്കിയത്. മഗ്‌സാസെ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനോ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോ ആയിരുന്നു ലഭിച്ചതെങ്കിൽ അവർ മനിലയിൽ പോയി രണ്ടു കൈയും നീട്ടി വാങ്ങുമായിരുന്നു.

സമീപകാലത്ത് ഒരു ടെലിവിഷൻ ചാനൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ് ജി. സുധാകരന് നൽകാൻ തീരുമാനിച്ചു. അപകടം തിരിച്ചറിഞ്ഞ സുധാകരൻ പാർട്ടി സെക്രട്ടറിയോടു അനുവാദം എഴുതിച്ചോദിച്ചു. എന്നാൽ യാതൊരു മറുപടിയും ലഭിച്ചില്ല. അതുകൊണ്ടു തന്നെ അവാർഡ് അദ്ദേഹം സ്വീകരിച്ചതുമില്ല. 1993 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച നിയമസഭാ സാമാജികയ്ക്കുള്ള വി. ഗംഗാധരൻ അവാർഡ് കെ.ആർ. ഗൗരി അമ്മയ്ക്ക് ലഭിച്ചു. അവർ അതു കൈപ്പറ്റിയെന്നു മാത്രമല്ല, ആലപ്പുഴയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്നു നൽകിയ സ്വീകരണത്തിലും പങ്കെടുത്തു. പാർട്ടിയിലെ അന്നത്തെ മൂപ്പന്മാർ കോപിച്ചു ; അധികം വൈകാതെ ഗൗരിഅമ്മ പാർട്ടിക്കു പുറത്തായി. ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കും എന്നു പറഞ്ഞ കാൾ മാർക്‌സ് ക്രാന്തദർശി തന്നെ.

Advertisement
Advertisement