സാമ്രാജ്യത്വവും ശൈലജയും

Sunday 11 September 2022 2:28 AM IST

- കൊവിഡിനെ പറഞ്ഞുവിട്ട അമേരിക്കൻ സാമ്രാജ്യത്വ ഭീകരന്മാർ ഇപ്പോൾ പുതിയ അടവ് പുറത്തെടുത്തിരിക്കുന്നു. അവന്മാർ എപ്പോഴും അങ്ങനെയാണ്. ഒന്നല്ലെങ്കിൽ മറ്റൊരു അടവ് അവർ രഹസ്യനീക്കങ്ങളിലൂടെ പയറ്റിക്കൊണ്ടേയിരിക്കും. സാമ്രാജ്യത്വ ശക്തികളുടെ ഗറില്ലാ ആക്രമണങ്ങൾ പോലും എപ്പോഴും പ്രതീക്ഷിക്കാമെന്നിരിക്കെ നമ്മൾ എപ്പോഴും വിപ്ലവസന്നദ്ധരായി ജാഗരൂകരായി നിലകൊള്ളണം. അലസതയും മടിയും പാടില്ല. മടിയൻമാരും മടിച്ചികളും മല ചുമക്കേണ്ടി വരും. പല പല അവാർഡുകളുടെ രൂപത്തിൽ ചതികൾ കടന്നുവന്നു എന്നിരിക്കും. എങ്ങാനും ഒന്ന് ആലസ്യപ്പെട്ട് പോയാൽ തീർന്നു.

വിപ്ലവചൈനയിലെ പലേ ആളുകളെയും കൊന്നിട്ട് കലാപരിപാടി ആരംഭിച്ച മഹാമാരിയാണ് കൊവിഡ്-19. ചൈനയിൽ നിന്ന് അത് നേരേ വന്നത് എങ്ങോട്ടേക്കാണ്? ഒന്നാലോചിച്ച് നോക്കണം. ചൈന കഴിഞ്ഞാൽ അത് ആക്രമിക്കുക പിണറായി സഖാവിന്റെ നാട്ടിലായിരിക്കുമല്ലോ. അത് മനസ്സിലാക്കാൻ കവടി നിരത്തി നോക്കേണ്ട കാര്യമൊന്നുമില്ല. അത് കൃത്യമായി മനസ്സിലാക്കിയത് ബേബി സഖാവായത് കൊണ്ട് അദ്ദേഹം അത് നേരേ ചൊവ്വേ പറഞ്ഞു. ബേബിസഖാവ് ആൾ കുറഞ്ഞയാളൊന്നുമല്ല. ജനിച്ചതേ ബുദ്ധിജീവിയായിട്ടാണ്. തോളിൽ സഞ്ചിയുമുണ്ടായിരുന്നു. തൊട്ടിലിൽ കിടന്നുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കാണാതെ ചൊല്ലിയ ആളാണ്.

വിപ്ലവ ചൈന, വിപ്ലവ കേരളം വഴി കറങ്ങിക്കറങ്ങി നടന്ന കൊവിഡ്- 19 തീവ്ര മുതലാളിത്ത സാമ്പത്തികനയത്തിന്റെ ഉല്പന്നമാണ് എന്ന് ബേബി സഖാവാണ് ആദ്യം ലോകത്തോട് ആശങ്കാപൂർവ്വം വെളിപ്പെടുത്തിയത്. അതുകൊണ്ട് ഈ തീവ്ര മുതലാളിത്ത സാമ്പത്തികനയങ്ങൾക്കെതിരായ യുദ്ധമാക്കി അതിനെയൊരു മഹാമുന്നണിയായി രൂപപ്പെടുത്തണം എന്ന രഹസ്യതന്ത്രമാണ് അല്പം പരസ്യമായി ബേബി സഖാവ് പറഞ്ഞത്. രഹസ്യതന്ത്രം പരസ്യമായി പറയാൻ പാടില്ല. എന്നാൽ ബേബി സഖാവ് അത് പറയാൻ നിർബന്ധിതനാവുകയായിരുന്നു. ചിലത് അങ്ങനെയാണ്.

മഹാമുന്നണി ഉണ്ടാക്കാൻ പോകുന്നുവെന്ന കാര്യം കൊവിഡ്-19ഉം അമേരിക്കൻ സാമ്രാജ്യത്വവും തീവ്ര മുതലാളിത്ത സാമ്പത്തികശക്തിയും എല്ലാം നിർഭാഗ്യവശാൽ അറിയുകയുണ്ടായി. ബേബിസഖാവ് വെളിപ്പെടുത്തിയതാണ് പ്രശ്നമായത് എങ്കിലും സാഹചര്യത്തിന്റെ ഭീകരമായ സമ്മർദ്ദത്തിൽ സഖാവ് അപ്പറഞ്ഞത് ഒരു ബുദ്ധിമോശമായി തീവ്ര മുതലാളിത്ത ശക്തികൾ പോലും കരുതുമെന്ന് തോന്നുന്നില്ല.

പക്ഷേ രഹസ്യതന്ത്രം മണത്തറിഞ്ഞ തീവ്ര മുതലാളിത്ത ഭീകരൻ വേറൊരു പണി വീണ്ടും രഹസ്യമായി ഒപ്പിച്ചു. ഈ വിപ്ലവകേരളത്തിൽ കൊവിഡിനെതിരായ മഹാമുന്നണി കെട്ടിപ്പൊക്കിയ ആൾ എന്ന് കണക്കാക്കി ശൈലജടീച്ചറെ അവർ പിടിക്കാൻ നോക്കി. ആൾ കമ്യൂണിസ്റ്റും വിപ്ലവപ്പോരാളിയും ഒക്കെയാണ്. പക്ഷേ ചില ദുർബലനിമിഷത്തിൽ അല്പം പെട്ടുപോയി. ടീച്ചറമ്മ എന്നൊക്കെ ആളുകളെക്കൊണ്ട് വിളിപ്പിച്ചത് പോലും ഈ തീവ്ര മുതലാളിത്ത സാമ്പത്തികശക്തികളാണ് എന്ന തിരിച്ചറിവ് അവർക്കുണ്ടായില്ല. തീർന്നില്ലേ. തക്കം നോക്കിയാണ് സാമ്രാജ്യത്വം ഇടപെട്ട് കളഞ്ഞത്.

മഗ്സാസെ എന്ന സാമ്രാജ്യത്വപിണിയാളിന്റെ പ്രേതത്തെ അയച്ച് ശൈലജ ടീച്ചറെ മയക്കാനാണ് നോക്കിയത്. ഫിലിപ്പൈൻസിൽ ഗറില്ലാപോരാളികളെ ഒന്നിപ്പിച്ച് വിപ്ലവപ്പോരാട്ടം നടത്തിയ കമ്യൂണിസ്റ്റുകളെ കൂട്ടക്കശാപ്പ് നടത്തിയ പഹയനാണ് ഈ മഗ്സാസെ. ആ കമ്യൂണിസ്റ്റുകളുടെ വീടുകളിൽ കയറി പെണ്ണുങ്ങളെ കൂട്ടബലാത്സംഗം നടത്തി കൊന്നൊടുക്കാൻ പറഞ്ഞവൻ.

ഈ മഗ്സാസെയുടെ പേരിൽ അവാർഡ് കാണിച്ച് വശീകരിക്കാനായിരുന്നു നീക്കം. യെച്ചൂരി സഖാവ് തൊട്ട് എം.വി. ഗോവിന്ദൻമാഷ് വരെയുള്ളവർ സദാ ജാഗരൂകരായി വിപ്ലവകാരികൾക്ക് നാണക്കേടുണ്ടാക്കാതെ നിലയുറപ്പിച്ചത് കൊണ്ട് മാത്രമാണ് ശൈലജടീച്ചർ സാമ്രാജ്യത്വ ഭീകരന്മാരിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ബേബി സഖാവ് അന്ന് പറഞ്ഞ ആ സംഗതി ഓർമ്മിച്ചിരുന്നുവെങ്കിൽ ശൈലജ ടീച്ചർക്ക് ഇന്നത്തെ ഈയവസ്ഥ തന്നെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ഇതിപ്പോൾ ഒരു മാതിരി ഇഞ്ചി കടിച്ച അവസ്ഥയിൽ നിന്നുകൊണ്ട് ടീച്ചർ മഗ്സാസെയുടെ കെണിയിൽ പെടാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ സമ്മതിക്കുന്നുണ്ട്. അതല്ലല്ലോ കാര്യം. ആ ഇഞ്ചി കടിച്ചത് പോലത്തെ അവസ്ഥ തന്നെ ഒഴിവാക്കാമായിരുന്നതാണല്ലോ. ബേബി സഖാവിന് നാട്ടിൽ പലരും പുല്ലിന്റെ വില പോലും കല്പിക്കാത്തതിന്റെ ദുരന്തഫലമാണിതെല്ലാം.

മഗ്സാസെ ആൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിണിയാളാണ് എന്ന് പറഞ്ഞിട്ട് അമേരിക്കൻ സാമ്രാജ്യത്തിൽ തന്നെ പോയിട്ട് പിണറായി സഖാവും മറ്റും ഡോക്ടർമാരെ കാണുന്നത് എന്തിനാണ് എന്നൊക്കെ ചില വിവരമില്ലാത്തവർ ചോദിക്കുന്നുണ്ട്. ജ്യോതിബസു സഖാവിനെ പ്രധാനമന്ത്രിയാക്കാത്തത് ചരിത്രപരമായ വിഡ്ഢിത്തം എന്ന് പറഞ്ഞയാളുകളാണ് ഇക്കൂട്ടരും. അവർക്ക് ഏതെങ്കിലും കാലത്ത് നല്ല ബുദ്ധി കാൾ മാർക്സ് തോന്നിക്കട്ടെ എന്നല്ലാതെ എന്ത് പറയാനാണ്!

അല്ലെങ്കിൽ തോമസ് ഐസക് സഖാവ് പിണറായി സഖാവിനെയും കൂട്ടി കാൾമാർക്സ് കാണാതെ പോയി ലണ്ടനിലെ മുതലാളിത്തത്തിന്റെ മണി അടിച്ചത് പോലെ മണിയടിച്ച് പ്രായശ്ചിത്തം ചെയ്യട്ടെ.

.........................................

- ശശി തരൂർജി കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനോട് നമ്മുടെ കെ.പി.സി.സി പ്രസിഡന്റ് കുമ്പക്കുടി സുധാകർജിക്ക് വിയോജിപ്പില്ല. കുമ്പക്കുടിജിയുടെ പ്രകൃതം കണ്ടാൽ പേടിച്ച് പോകുമെങ്കിലും ആൾ ശുദ്ധഗതിക്കാരനാണ്. ആ ശുദ്ധഗതി കാരണമാണ് തരൂർജി മത്സരിച്ചോട്ടെയെന്ന് സുധാകർജി പറയുന്നത്. മത്സരിച്ചോട്ടെ. അപ്പോൾ മനസ്സാക്ഷി വോട്ട് ചെയ്യാം എന്നും സുധാകർജി ആഹ്വാനം ചെയ്തപ്പോഴാണ് ചില രാഷ്ട്രീയസന്ദേഹികൾക്ക് അതിലൊരു ചതിക്കുഴിയില്ലേ എന്ന് മനസ്സിലായത്.

ബ്രഹ്മാവിന്റെ മനസ്സ് മാറ്റിച്ചാലും സുധാകർജിയെ മാറ്റാൻ പ്രയാസമാണ്. അതുകൊണ്ട് തരൂർജിക്ക് മനസ്സാക്ഷി വോട്ടെങ്കിൽ മനസ്സാക്ഷിവോട്ട് ആവട്ടെ എന്ന് സമാധാനിക്കുകയേ മാർഗമുള്ളൂ.

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement