തെരുവുനായ്ക്കുട്ടികളെ വന്ധ്യംകരിക്കാം, വളർത്താം... പക്ഷേ, പദ്ധതി പെരുവഴിയിൽ

Sunday 11 September 2022 2:41 AM IST

കാട്ടാനയും പുലിയും കടുവയുമല്ല, ഇക്കാലമത്രയും നമ്മൾ കല്ലെറിഞ്ഞ് ഓടിച്ചിരുന്ന തെരുവിലെ നായ്ക്കളാണ് ഇപ്പോൾ ഭീകരജീവിയായി മനുഷ്യനു മുന്നിൽ നിൽക്കുന്നത്. കടിയേറ്റ് വാക്സിനുകളെടുത്തിട്ടും പേവിഷബാധയിൽ മനുഷ്യർ മരിച്ചുവീഴുമ്പോഴാണ്, പല തെരുവുനായ് നിയന്ത്രണപദ്ധതികളും കടലാസിൽ ഉറങ്ങുന്നുവെന്നതും നമ്മൾ ഓർക്കണം. അതിലൊന്നാണ് എൻഡ് പദ്ധതി. എട്ട് മുതൽ 12 ആഴ്ച വരെ പ്രായമുള്ള തെരുവുനായ്ക്കുട്ടികളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ്പ് കൊടുത്ത് വീടുകളിൽ വളർത്താൻ നൽകി തെരുവുനായ് നിയന്ത്രണം ഫലപ്രദമാക്കാവുന്ന പദ്ധതി ഇന്നേവരെ നടപ്പാക്കിയില്ല. 12 വർഷം മുൻപ് ഫലം കണ്ട പദ്ധതിയാണിതെന്നും കൂട്ടിവായിക്കണം. നിലവിലുള്ള പദ്ധതികളേക്കാൾ നിരവധി ഗുണങ്ങളുണ്ട് എൻഡിന്. ചെറിയ നായ്ക്കുട്ടികളായതിനാൽ പിടികൂടാൻ പ്രയാസമില്ല. ശസ്ത്രക്രിയയും ശേഷമുള്ള പരിചരണവും ഫലപ്രദവും എളുപ്പവുമാണ്. മുറിവുകൾ പെട്ടെന്ന് ഉണങ്ങും. കുട്ടികളെ വന്ധ്യംകരിച്ചാൽ പെറ്റുപെരുകുന്നത് പൂർണമായും തടയാം. നിലവിലുളള എ.ബി.സിക്ക് (അനിമൽ ബർത്ത് കൺട്രോൾ) ഒപ്പം നടപ്പാക്കാം. എ.ബി.സി യും എൻഡ് പദ്ധതിയും ഒന്നിപ്പിച്ചാൽ അഞ്ച് വർഷം കൊണ്ടു തന്നെ ഏതാണ്ട് പൂർണ്ണമായും തെരുവുനായകളെ നിയന്ത്രിക്കാനാവും. മുതിർന്ന നായകളെ പിടികൂടാനും വന്ധ്യംകരിക്കാനുമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാകുന്നതോടെ പദ്ധതി വ്യാപകമായി നടപ്പാക്കാനും എളുപ്പം. ഇത്രയൊക്കെ ഗുണങ്ങളുണ്ടായിട്ടും പദ്ധതി ചുവപ്പുനാടയുടെ കുരുക്കിൽ തുടരുന്നു എങ്കിൽ അതിന് പിന്നിൽ എന്താണെന്നും തിരിച്ചറിയേണ്ടതുണ്ട്.

പെൺനായ്ക്കളിൽ അണ്ഡാശയം നിലനിറുത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായ്ക്കളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയും ചെയ്യുന്ന ഏർളി ന്യൂട്രനിംഗ് ഇൻ ഡോഗ്‌സ് (എൻഡ്) പദ്ധതിയാണ് തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണങ്ങൾ കൂടുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്നത്. മണ്ണുത്തി വെറ്ററിനറി കോളേജിലെ അദ്ധ്യാപകനും നിലവിൽ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസിലെ ഡീനുമായ ഡോ. എം.കെ. നാരായണൻ 2010ലാണ് പദ്ധതി മുന്നോട്ടുവെച്ചത്. രണ്ട് വർഷത്തെ പഠനശേഷം ആവിഷ്കരിച്ച എൻഡ് വഴി അഞ്ച് വർഷത്തിനകം നായ്ക്കളുടെ ജനനനിയന്ത്രണം സാദ്ധ്യമാകുമെന്ന് തെളിയിച്ചു. 2012 ൽ അൻപതോളം നായ്ക്കളെ എൻഡ് വഴി വന്ധ്യംകരിച്ചിരുന്നു. വീടുകളിൽ വളർത്താൻ കൊടുത്ത നായ്ക്കുട്ടികൾ ഇപ്പോഴും ആരോഗ്യവാൻമാർ. പെട്ടെന്ന് ഇണങ്ങുന്നതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ നാടൻ നായ്ക്കളെ ഏറ്റെടുക്കാനും നിരവധിപേർ തയ്യാറായി. വിദേശങ്ങളിൽ നായ്ക്കുട്ടികളെ വളർത്താൻ വന്ധ്യംകരണം നിർബന്ധമാണ്. അതിൻ്റെ ചുവടുപിടിച്ചാണ് എൻഡ് ഒരുക്കിയത്. എന്നാൽ ഏറ്റെടുക്കാനോ വ്യാപിപ്പിക്കാനോ സർക്കാർ തയ്യാറായില്ല. എൻഡ് പദ്ധതിയുമായി പലപ്പോഴും ഡോ.നാരായണൻ അധികൃതരെ സമീപിച്ചിരുന്നു. ഫലപ്രദമാണെന്ന് ബോദ്ധ്യപ്പെട്ടതുമായിരുന്നു. പിന്നെ എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു.

അമേരിക്കയിൽ വിജയം

1987 ൽ അമേരിക്കയിലെ വെറ്ററിനറി ഡോക്ടറായ ലിയോ ലിബർമാനാണ് പദ്ധതി ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്. ആന്റി റാബീസ് വാക്‌സിന്റെ ഒരു ഡോസ് മാത്രം എടുക്കാൻ ശേഷിക്കെ, കോഴിക്കോട് വീട്ടമ്മ പേവിഷ ലക്ഷണങ്ങളോടെ മരിച്ചതും കഴിഞ്ഞദിവസം പത്തനംതിട്ടയിൽ

തെരുവുനായയുട‌െ കടിയേറ്റ് പന്ത്രണ്ടുവയസുകാരി മരിച്ചതും നമ്മൾ മറന്നിട്ടില്ല. തെരുവുനായ് വന്ധ്യംകരണം വ്യാപിപ്പിക്കണമെന്ന മുറവിളി ഉയരുന്നുമുണ്ട്. അപ്പോഴാണ് ഈ പദ്ധതി ഫയലിൽ ശേഷിക്കുന്നത്. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വിപുലമാക്കാൻ സർക്കാർ തീരുമാനമുണ്ടായെങ്കിലും പലയിടങ്ങളിലും എന്നു തുടങ്ങുമെന്നും എങ്ങനെ തുടങ്ങുമെന്നും സംബന്ധിച്ച് വ്യക്തതയില്ല.

തെരുവുനായ് വന്ധ്യംകരണത്തിന് ബ്ലോക്ക് തലത്തിൽ വെറ്ററിനറി സർജൻ, മൃഗപരിപാലകർ, തിയേറ്റർ-ശുചീകരണ സഹായികൾ, നായ് പിടിത്തക്കാരൻ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പക്ഷേ, ഇതെല്ലാം എന്ന്, എങ്ങനെ നടപ്പാവുമെന്ന് കണ്ടറിയണം. പ്രായമായവരും കുട്ടികളുമാണ് പലപ്പോഴും നായുടെ ആക്രമണത്തിനിരയാവുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ ഓടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ഏറെയാണ്. ഇപ്പോഴും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ നിരവധിയുണ്ട്. സർക്കാർ അംഗീകരിച്ച അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ഫലപ്രദമല്ലെന്നാണ് തെരുവുനായ്ക്കൾ പെരുകുന്നുവെന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ലാത്തതിനാൽ കുടുംബശ്രീ വഴി പഞ്ചായത്തുകളിൽ നടത്തിയിരുന്ന എ.ബി.സി നിറുത്തിവെച്ചത് പ്രതിസന്ധിയിലാക്കിയിരുന്നു.

വാക്സിനെചൊല്ലിയുള്ള വാദപ്രതിവാദങ്ങളും നിലയ്ക്കുന്നില്ല. മൂന്ന് ഡോസ് വാക്സിൻ കുത്തിവച്ചിട്ടും പത്തനംതിട്ടയിലെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ ആദ്യമേ പറഞ്ഞിരുന്നു.

തീവ്രയജ്ഞം ഒരുവഴിക്ക്

പേവിഷബാധയുടെ പശ്ചാത്തലത്തിൽ തീവ്രയജ്ഞ പരിപാടിയുമായി പ്രതിരോധം ശക്തമാക്കിയെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. മുഴുവൻ വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും അടക്കം പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് തുടക്കം കുറിച്ചത്. പേവിഷ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധകുത്തിവയ്പ് വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. കുത്തിവയ്പിന് ശേഷം മൃഗാശുപത്രിയിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭ എന്നിവിടങ്ങളിൽ കാണിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതിനകം പേവിഷ പ്രതിരോധ കുത്തിവയ്പുകൾ വിവിധ ഇടങ്ങളിലായി ആരംഭിച്ചെങ്കിലും പേവിഷബാധക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. ബോധവത്കരണ കാമ്പയിനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

പട്ടി പിടിത്തക്കാർ

ഉണ്ടോ?

ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലകളിൽ സെന്ററുകൾ തുടങ്ങുന്നുണ്ട്. ഈ സെന്ററുകളിലേക്ക് ഡോഗ് ക്യാച്ചേഴ്‌സിനെ നിയമിക്കുന്നതിനും വിദഗ്ദ്ധ പരിശീലനം നൽകുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം ഊട്ടിയിൽ നടത്തുമെന്നാണ് തൃശൂർ ജില്ലയിലെ മൃഗസംരക്ഷണ അധികൃതർ പറയുന്നത്. രണ്ടുമാസത്തിന് മുകളിൽ പ്രായമുള്ള എല്ലാ നായ്കുട്ടികൾക്കും ഉടനെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധകുത്തിവയ്പ് എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Advertisement
Advertisement