മോഹൻലാലിനെ അപമാനിച്ചെന്ന് ആരാധകർ, 'ഇക്കയുടെ ശകടം' ട്രെയിലർ വിവാദത്തിൽ

Wednesday 12 June 2019 11:29 AM IST

നവാഗതനായ പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഇക്കയുടെ ശകട'ത്തിനെതിരെ മോഹൻലാൽ ആരാധകർ രംഗത്ത്. മോഹൻലാലിനെ അപമാനിക്കുന്ന തരത്തിലാണ് സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിമർശനം. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ സോഹൻലാൽ എന്ന പരാമർശമുണ്ട്. ഇതിലൂടെ മോഹൻലാലിനെയാണ് സംവിധായകൻ ഉദ്ദേശിക്കുന്നതെന്നും, വളരെ പരിഹാസ്യമായ രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും ലാൽ ആരാധകർ പറയുന്നു.

സാജിദ് യഹിയ സംവിധാനം ചെയ്‌ത 'മോഹൻലാൽ' എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്. മമ്മൂട്ടി ആരാധകരെ കേന്ദ്രീകരിച്ച് ഒരുക്കുന്ന ചിത്രമാണ് ഇക്കയുടെ ശകടം. ഹോംലി മീൽസ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് മമ്മൂട്ടി ആരാധകനായി എത്തുന്നത്. അയ്യപ്പൻ എന്ന ടാക്‌സി ഡ്രൈവറുടെ വേഷമാണ് ഡൊമിനിക് തൊമ്മി അവതരിപ്പിക്കുന്നത്.

ഇക്കയുടെ ശകടത്തിന്റെ കഥയും തിരക്കഥയും പ്രിൻസിന്റേതാണ്. പുതുമുഖ സംഗീത സംവിധായകൻ ചാൾസ് നസ്രത്ത് ആണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ജൂൺ 14ന് ചിത്രം തിയേറ്ററുകളിലെത്തും.