വഴിപാടിനായി വച്ച ബദാം കഴിച്ചു, പതിനൊന്നുകാരനെ മരത്തിൽ കെട്ടിയിട്ട് തല്ലി പൂജാരി

Sunday 11 September 2022 4:37 PM IST

ഭോപ്പാൽ: വഴിപാടിനായി വച്ചിരുന്ന ബദാം കഴിച്ച കുട്ടിയെ മരത്തിൽ കെട്ടിയിട്ട് തല്ലി പൂജാരി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിന് സമീപമാണ് സംഭവം. പതിനൊന്ന് വയസുള്ള ദളിത് ബാലനാണ് മർദനമേറ്റത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, പൂജാരി രാകേഷ് ജെയ്‌നെ അറസ്റ്റ് ചെയ്‌തു. ക്ഷേത്രത്തിലെ ഗേറ്റിന് സമീപം നിൽക്കുന്ന കുട്ടിയെ പൂജാരി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.


അതേസമയം, കുട്ടി ഓടിപ്പോകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. പ്രതിക്കെതിരെ പട്ടികജാതി - പട്ടികവർഗ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.