114 വ‌ർഷം പിന്നിട്ട് കണ്ണൂരിന്റെ 'യോഗശാല"

Monday 12 September 2022 12:01 AM IST
കണ്ണൂരിലെ ആനന്ദചന്ദ്രോദയ യോഗശാല

കണ്ണൂർ: ആനന്ദചന്ദ്രോദയ യോഗശാലക്ക് ഇത് 114ാം വയസാണ്. കണ്ണൂർ നഗരത്തിലും പരിസരത്തുമുള്ള ഒരു സംഘം ഉല്പതിഷ്ണുക്കളുടെ പരിശ്രമത്തിലായിരുന്നു 1909ൽ സ്ഥാപിക്കപ്പെട്ടത്. യോഗങ്ങളും ചർച്ചാക്ലാസുകളുമടക്കം നിരവധി സമ്മേളനങ്ങൾക്കും സംവാദങ്ങൾക്കും വേദിയായിട്ടുണ്ട് ഈ കെട്ടിടം.

നവോത്ഥാനാശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ ആനന്ദസമാജം യോഗശാല അതിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. നിലവിൽ ഒരു വായനശാലയും ഗ്രന്ഥാലയവും ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ.

കേരളത്തിനകത്തും പുറത്തുമുള്ളവർ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ശിഷ്യന്മാരായ കാലഘട്ടത്തിലാണ് യോഗശാലയുടെ പിറവി. ആനന്ദാദർശത്തിന്റെ കർമ്മപദ്ധതിയായ രാജയോഗ പരിശീലനത്തിനായി നാടുനീളെ യോഗശാലകൾ സ്ഥാപിക്കുന്നതിന്റെ തുടക്കമായിരുന്നു കണ്ണൂരിലേത്. 1908ൽ ആനന്ദസമാജം രൂപീകരിക്കുകയും 1909ൽ കണ്ണൂർ നഗരത്തിൽ 'ആനന്ദചന്ദ്രോദയ യോഗശാല' എന്ന പേരിൽ കെട്ടിടം സ്ഥാപിക്കുകയുമായിരുന്നു. 1946ൽ കണ്ണൂരിലെ ആനന്ദസമാജം, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു.

കണ്ണൂർ തളാപ്പിലെ പാമ്പൻ അമ്പു, ചിറക്കയിൽ രാമൻ, ചെറുകട കേളു, ഇരുവങ്കൈ ചന്തു, തണ്ണിപ്പന്തൽ കണ്ണൻ, പഞ്ഞിക്കയിൽ രാമൻ, പുതിയാണ്ടി കുഞ്ഞമ്പു, ചെവിടിച്ചി അച്യുതൻ, മോരങ്കണ്ടി രാമൻ, എം.വി. ആൽബ്രട്ട്, കൂമ്പയിൽ മുക്രി രാമുണ്ണി, ചാലാട്ടെ കണ്ടോത്താങ്കണ്ടി പാമ്പൻ കുഞ്ഞിക്കണ്ണൻ, പത്തലാമ്പേത്ത് രാമോട്ടി, മുണ്ടച്ചാലി കരോമ്പേത്ത് ഗോവിന്ദൻ, ചൊവ്വയിലെ കഞ്ചാരങ്കണ്ടി കുഞ്ഞിപ്പൈതൽ, തറച്ചാണ്ടി കണ്ണൻ എന്നീ 16 പേരാണ് യോഗശാലയുടെ സ്ഥാപകർ. പാമ്പൻ അമ്പുവാണ് യോഗശാലയ്ക്ക് സ്ഥലം സംഭാവനയായി നല്കിയത്. ഇരുപത്തിയെട്ടുപേർ അക്കാലത്ത് സംഭാവനയായി നൽകിയ 16,881രൂപ ചിലവഴിച്ചാണ് ഇന്ന് കാണുന്ന കെട്ടിടത്തിന്റെ ആദ്യരൂപം നിർമ്മിച്ചത്. 1946ൽ തലശ്ശേരി രജിസ്ട്രാഫീസിൽ ഒന്നാമത്തെ രജിസ്ട്രേഷനാണ് ഈ കെട്ടിടത്തിന്റേത്.

ബ്രഹ്മാനന്ദസ്വാമി ശിവ യോഗി

1852ൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന സ്ഥലത്ത് ജനിച്ച കാരാട്ട് ഗോവിന്ദൻ കുട്ടി മേനോൻ എന്ന
സംസ്‌കൃതാദ്ധ്യാപകനാണ് ബ്രഹ്മാനന്ദസ്വാമി ശിവയോഗി എന്ന പേര് സ്വീകരിച്ച് കേരളത്തിലുടനീളം മതസാഹോദര്യത്തിന്റെയും യുക്തിചിന്തയുടെയുമെല്ലാം സന്ദേശം പ്രചരിപ്പിച്ച് നവോത്ഥാനചരിത്രത്തിലെ തുടക്കക്കാരനായത്. വേദങ്ങളിലും ഉപനിഷത്തുകളിലും ആഴത്തിൽ അറിവുണ്ടായിരുന്ന ശിവയോഗി അതിലുള്ള യുക്തികളാണ് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കാൻ
ഉപയോഗപ്പെടുത്തിയത്. പതിനഞ്ചോളം പുസ്തകങ്ങളിലായി അദ്ദേഹം തന്റെ ആശയങ്ങൾ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആനന്ദാദർശം പ്രചരിപ്പിക്കുന്നതിനായി പല സ്ഥലങ്ങളിലും ആനന്ദസമാജവും യോഗശാലയും സ്ഥാപിക്കാൻ ആളുകൾ സ്വയം മുന്നോട്ടുവന്നു. കണ്ണൂർ പാട്യം സ്വദേശിയായ വി.കെ. ഗുരുക്കൾക്ക് 'വാഗ്ഭടാനന്ദൻ' എന്ന പേര് നൽകിയത് ശിവ യോഗികളാണ്.

Advertisement
Advertisement