കേജ്‌രിവാൾ സർക്കാരിന്റെ ബസ് ഇടപാടും സി.ബി.ഐ അന്വേഷിക്കും

Monday 12 September 2022 1:58 AM IST

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാൾ സർക്കാർ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് ആയിരം ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കാൻ ലഫ്.ഗവർണർ വിനയ് കുമാർ ശർമ്മ അനുമതി നൽകി. മദ്യനയം, സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറി നിർമ്മാണം എന്നിവയിലെ ക്രമക്കേടുകളിലെ അന്വേഷണത്തിന് പിന്നാലെയാണിത്.

ബസ് വാങ്ങാനുള്ള ടെൻഡർ പരാതിയെ തുടർന്ന് ഡൽഹി സർക്കാർ

കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. ലെഫ്.ഗവർണർക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിക്ക് വിടുകയായിരുന്നു. ചീഫ് സെക്രട്ടറി സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്ത് നൽകിയ റിപ്പോർട്ടാണ് ലെഫ്.ഗവർണർ അംഗീകരിച്ചത്. ബസുകളുടെ അറ്റകുറ്റ പണികളുടെ കരാർ നൽകിയതിലെ അഴിമതി ആരോപണം അന്വേഷിക്കാൻ ലഫ്.ഗവർണർ മുൻ ഐ.എ.എസ് ഓഫീസർ ഒ.പി അഗർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയും വീഴ്ച്ച കണ്ടെത്തി. ബസുകൾ വാങ്ങാനും കരാർ പണികൾക്കും ടെൻഡറുകൾ വിളിക്കുന്ന ചുമതല ഗതാഗത മന്ത്രിയെ ഏല്പിച്ചതിൽ അഴിമതിയുണ്ടെന്നും പരാതിയുണ്ട്.

ശ്രദ്ധ തിരിക്കാൻ ശ്രമമെന്ന് എ എ. പി

ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ലഫ്.ഗവർണർ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്കെതിരെ ആരോപണമുന്നയിച്ച ശേഷം നാലാമത്തെ മന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.

Advertisement
Advertisement