പാപ്പുവ ന്യൂഗിനിയിൽ ശക്തമായ ഭൂചലനം

Monday 12 September 2022 4:49 AM IST

വെല്ലിംഗ്ടൺ : കിഴക്കൻ പാപ്പുവ ന്യൂഗിനിയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5 മണിയ്ക്ക് ശേഷമായിരുന്നു ഭൂചലനം. തീരദേശ നഗരമായ മഗാംഗിൽ ഉൾപ്പെടെ റോഡുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല. വ്യാപക മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. 8,500 പേർ താമസിക്കുന്ന കൈനാൻറ്റു നഗരത്തിന് സമീപം ഭൗമോപരിതലത്തിൽ നിന്ന് 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ പറഞ്ഞു. പാപ്പുവ ന്യൂഗിനി, ഇൻഡോനേഷ്യ തീരങ്ങളിൽ 1,000 കിലോമീറ്ററിനുള്ളിൽ സുനാമി തിരകൾക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും നിലവിൽ ഭീഷണിയില്ലെന്ന് യു.എസ് നാഷണൽ സുനാമി വാണിംഗ് സെന്റർ അറിയിച്ചു. ഇതേ വ്യാപ്തിയിലെ ഒരു ഭൂചലനം 2018ൽ പാപ്പുവ ന്യൂഗിനിയുടെ വിദൂര മേഖലയിൽ ഉണ്ടായിട്ടുണ്ട്. അന്ന് 60 ലേറെ പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പസഫിക് സമുദ്രത്തിലെ ' റിംഗ് ഒഫ് ഫയർ" മേഖലയിൽ ഉൾപ്പെടുന്ന പാപ്പുവ ന്യൂഗിനി ഭൂചലന സാദ്ധ്യത വളരയേറെയുള്ള പ്രദേശമാണ്. പാപ്പുവ ന്യൂഗിനിയുടെ സമീപത്തുള്ള ഇൻഡോനേഷ്യയിൽ 2004ലുണ്ടായ റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂചലനം ഭീമൻ സുനാമിയ്ക്ക് കാരണമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി ആകെ 220,000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇൻഡോനേഷ്യയിൽ മാത്രം 170,000 പേർ കൊല്ലപ്പെട്ടു.

Advertisement
Advertisement