യു.എഫ്.ഒ വീഡിയോകൾ ഉണ്ട്, പുറത്തുവിടില്ലെന്ന് യു.എസ് നേവി

Monday 12 September 2022 4:49 AM IST

വാഷിംഗ്ടൺ : ഇതുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ലാത്ത നിരവധി യു.എഫ്.ഒ വീഡിയോകൾ തങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ രാജ്യ സുരക്ഷ കണക്കിലെടുത്ത് അവ പുറത്തുവിടില്ലെന്നും അമേരിക്കൻ നേവി. ഫ്രീഡം ഒഫ് ഇൻഫർമേഷൻ ആക്ട് പ്രകാരം ഒരു യൂട്യൂബ് ചാനൽ ഫയൽ ചെയ്ത അഭ്യർത്ഥനയ്ക്ക് മറുപടി നൽകുകയായിരുന്നു നേവി.

തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് പൊതുവെ പറക്കും തളികകൾ അല്ലെങ്കിൽ യു.എഫ്.ഒകൾ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങൾ (യു.എ.പി - Unidentified aerial phenomena) എന്നറിയപ്പെടുന്നത്. യു.എ.പി എന്നാണ് സർക്കാർ യു.എഫ്.ഒകളെ അഭിസംബോധന ചെയ്യുന്നത്. യു.എഫ്.ഒകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു.

' വിവരങ്ങൾ പുറത്തുവിടുന്നത് ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കും. കാരണം, പ്രതിരോധ വകുപ്പ് / നേവിയുടെ പ്രവർത്തനങ്ങൾ, കഴിവുകൾ, അപകട സാദ്ധ്യതകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ ഇവ പുറത്തുവിടുന്നതിലൂടെ ശത്രുക്കൾക്ക് മനസിലാക്കാനാകും. അതിനാൽ വീഡിയോകളുടെ ഒരു ഭാഗവും വേർതിരിച്ച് പുറത്തുവിടാനാകില്ല. " നേവിയുടെ ഫ്രീഡം ഒഫ് ഇൻഫർമേഷൻ ആക്ട് ഓഫീസ് ഡയറ്കടർ ഗ്രിഗറി കേസൺ നൽകിയ മറുപടിയിൽ പറയുന്നു.

ബ്ലാക്ക് വോൾട്ട് എന്ന വെബ്സൈറ്റ് രണ്ട് വർഷം മുമ്പാണ് വീഡിയോകൾ പുറത്തുവിടണമെന്ന് കാട്ടി അപേക്ഷ നൽകിയതെന്ന് പറയപ്പെടുന്നു. യു.എഫ്.ഒ വീഡിയോകൾ ഉണ്ടെന്ന് നേവി സമ്മതിക്കുന്നുണ്ടെങ്കിലും പുറത്തുവിടില്ലെന്ന് നേവി വ്യക്തമാക്കുന്നു. നേരത്തെ മൂന്ന് യു.എഫ്.ഒ വീഡിയോകൾ നേവി പുറത്തുവിട്ടിരുന്നു. ഈ വീഡിയോകൾ അനൗദ്യോഗിക ചാനലുകളിലൂടെ പുറത്തുവിട്ട ശേഷമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

യു.എഫ്.ഒകളെ ആകാശത്ത് കണ്ടത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ നേരത്തെ യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ പുറത്തുവിട്ടിട്ടുണ്ട്. യു.എഫ്.ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമില്ലെന്ന് പെന്റഗൺ പറയുന്നു. യു.എഫ്.ഒകൾ എന്താണെന്ന് കൃത്യമായ വിശദീകരണം നൽകാൻ യു.എസിന് കഴിഞ്ഞിട്ടില്ല. ആകാശത്തെ അജ്ഞാത വസ്തുക്കൾക്ക് പിന്നിൽ ചൈനയോ റഷ്യയോ ആകാമെന്ന പ്രചാരണങ്ങളുമുണ്ട്.

യു.എസിന്റെ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കാനുള്ള അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. യു.എസിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നവയാണ് യു.എഫ്.ഒകൾ. യു.എഫ്.ഒകളെ പറ്റി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ഒമ്പത് മാസം നീളുന്ന അന്വേഷണം ഈ വർഷം അവസാനം ആരംഭിക്കുന്നുണ്ട്.

Advertisement
Advertisement