ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാമെന്ന് വാരണാസി കോടതി, തുടർവാദം നടക്കും, മസ്‌ജിദ്  കമ്മിറ്റിയുടെ  വാദം തള്ളി

Monday 12 September 2022 3:07 PM IST

ന്യൂഡൽഹി: ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ട ഹ‌ർജി പരിഗണിക്കാമെന്ന് വാരണാസി കോടതി. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഗ്യാൻവാപി ക്ഷേത്രത്തിനുള്ളിൽ ആരാധന നടത്തണമെന്ന ആവശ്യവുമായി അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുന്നതാണെന്ന് ജില്ലാ കോടതി നിരീക്ഷിച്ചു.

മസ്‌ജിദിനുള്ളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്തണമെന്ന ഹർജി നിലനിൽക്കും. മസ്‌ജിദ് കമ്മിറ്റിയുടെ വാദം തള്ളിയ വാരണാസി കോടതി 1991ലെ ആരാധനാലയ നിയമം തടസമല്ലെന്നും ചൂണ്ടിക്കാട്ടി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കും. കേസ് സെപ്തംബർ 22ന് വീണ്ടും പരിഗണിക്കും. രണ്ട് വിഭാഗക്കാരും വാദങ്ങൾ സമർപ്പിക്കാനും കോടതി നി‌ർദേശിച്ചു.

ഗ്യാൻവാപി സമുച്ചയത്തിലെ ശൃംഗാർ ഗൗരിയിൽ ദൈനം ദിന ആരാധനയ്ക്ക് അനുമതി വേണമെന്നാണ് ഹിന്ദു പക്ഷത്തിന്റെ ഹർജികളിൽ ആവശ്യപ്പെടുന്നത്. മസ്ജിദിൽ കണ്ടെത്തിയെന്ന് അഭിഭാഷക കമ്മിഷൻ പറയുന്ന ശിവലിംഗത്തിൽ ആരാധനയ്ക്കുള്ള അനുമതി വേണം, ശിവലിംഗത്തിന് കീഴിലുള്ള മുറിയിലേക്കുള്ള പാതയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക, ശിവലിംഗത്തിന്റെ നീളവും വീതിയും അറിയാൻ സർവേ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.

മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ വസുഖാന മുദ്രവയ്ക്കരുതെന്ന് ആവശ്യപ്പെടുന്നു. 1991ലെ ആരാധനാലയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണം ഗ്യാൻവാപി പള്ളികേസ് പരിഗണിക്കേണ്ടതെന്നുമായിരുന്നു സ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ആവശ്യപ്പെട്ടത്.