പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും തെരുവ് നായ പേടിയിൽ ജനങ്ങൾ
വിഴിഞ്ഞം: പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും തെരുവ് നായ ശല്യം രൂക്ഷം. വിഴിഞ്ഞം തീരദേശത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. തീരദേശത്ത് കടൽക്കരയിലാണ് ഇവറ്റകൾ ഏറെ അപകടകാരികളാകുന്നത്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരെ ഓടിച്ചിട്ടുകടിക്കുകയാണ്. വീടുകളിൽ നിന്നുൾപ്പെടെയുള്ള മാലിന്യകൂമ്പാരങ്ങൾ കടൽത്തീരത്ത് ഉള്ളതിനാലാണ് തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്.
കഴിഞ്ഞ മാസം കോവളം പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വൃദ്ധയെ സ്റ്റേഷന് മുന്നിൽ വച്ച് നായ കടിച്ചു. ഒടുവിൽ നായ കടിച്ച പരാതിയും കൂടി നൽകിയാണ് വൃദ്ധ മടങ്ങിയത്.
കഴിഞ്ഞ ഏപ്രിലിൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗിയെ നായ കടിച്ചു. ഇവിടെ സ്ഥിരമായി നായയുടെ ആക്രമണം ഉണ്ടാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞവർഷം ഒക്ടോബറിൽ മകനുമായി ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ആശുപത്രിക്കുള്ളിൽ വച്ച് നായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. തൊട്ടടുത്ത മാസം രോഗിക്കൊപ്പം എത്തിയ യുവാവിനും ഇതേ നായയുടെ കടിയേറ്റ സംഭവമുണ്ടായി. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും തെരുവുനായകളെ ഇവിടുന്നു മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. കോവളം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളപ്പിലും നിരവധി തെരുവുനായ്ക്കൾ എപ്പോഴുമുണ്ട്. 2019 ജനുവരിയിൽ കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു. അതേവർഷം ഫെബ്രുവരിയിൽ ഒരുദിവസം തന്നെ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ 14 പേരെ നായ കടിച്ച് പരിക്കേൽപ്പിച്ചു.
നായ കടിച്ചു കൊന്ന സംഭവങ്ങൾ നിരവധി.....
1999ൽ വിഴിഞ്ഞം തെന്നൂർകോണം ചിറായിക്കോട് സ്വദേശിയുടെ മൂന്നരവയസുള്ള കുട്ടിയെ കടിച്ചുകീറിക്കൊന്നു. 2001 ഒക്ടോബറിൽ വിഴിഞ്ഞം കോട്ടപ്പുറം പുതിയ പള്ളിക്കുസമീപമുള്ള 10 വയസുകാരൻ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. 2017ൽ പുല്ലുവിള കൊച്ചുപള്ളി സ്വദേശി സിൽവമ്മ എന്ന വൃദ്ധയെ കടൽത്തീരത്ത് വച്ച് നായകൾ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. അതേവർഷം അതേ സ്ഥലത്ത് വച്ച് 48 വയസുകാരനായ ജോസ് ക്ലിൻ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വന്ധ്യംകരണം പേരിന് മാത്രം
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നഗരസഭാ അധികൃതർ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി അതേ സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടാറാണ് പതിവ്. തിരുവല്ലത്തുണ്ടായിരുന്ന എ.ബി.സി കേന്ദ്രം പൂട്ടിയതോടെ വിഴിഞ്ഞതും പരിസരത്തും നായ്ക്കൾ പെറ്റുപെരുകുകയാണ്.
കാശ് പോകുന്നത് മിച്ചം
2012ലെ സെൻസസ് പ്രകാരം മൂന്ന് ലക്ഷത്തോളം നായ്ക്കൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാൽ 10 വർഷത്തിനിടയിൽ നായ്ക്കളുടെ എണ്ണം ഇരട്ടിയോളം ആകുമെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസവും 300 ലേറെ പേർക്ക് നായയുടെ കടിയേൽക്കുന്നതായാണ് അധികൃതർ പറയുന്നത്. വാക്സിൻ ഉൾപ്പെടെയുള്ളവയ്ക്കായി വർഷവും ഇരുപത് കോടിയിലേറെ ചെലവ് വരുന്നുണ്ട്.