സുപ്രീം കോടതി ജാമ്യം നൽകിയിട്ടും ജയിൽ മോചിതനാകാതെ സിദ്ദിഖ് കാപ്പൻ, ഇ.ഡി കേസിന്റെ കുരുക്കഴിയുന്നത് വരെ തടവ് തുടരും
ലഖ്നൗ: കലാപശ്രമം ആരോപിച്ച് യു.പി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ സുപ്രീം കോടതി ജാമ്യത്തെ തുടർന്നും ജയിൽമോചിതനായില്ല.2020 ഒക്ടോബർ മുതൽ 2 വർഷക്കാലമായി ജയിൽവാസം തുടരുന്ന സിദ്ദിഖ് കാപ്പന് തിങ്കളാഴ്ച സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ ഇ.ഡി കേസുകളുടെ കാര്യത്തിൽ തീർപ്പുണ്ടാകാത്തതിനാൽ കാപ്പന് പുറത്തിറങ്ങാനാകില്ല എന്ന് ജയിൽ പി.ആർ.ഒ സന്തോഷ് വർമ അറിയിച്ചു.
ഹഥ്റസ് ബലാൽസംഗത്തിലെ ഇരയുടെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ആയിരുന്നു സിദ്ദിഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും കലാപ ഗൂഢാലോചന ആരോപിച്ച് മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.
ഒരു ലക്ഷം രൂപയ്ക്കും ആൾ ജാമ്യത്തിലുമാണ് ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും അടങ്ങുന്ന ബഞ്ച് സിദ്ദിഖ് കാപ്പന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.