സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മീ ദേവിയുടെ വാസസ്ഥാനം, വീട്ടിലുണ്ടെങ്കിൽ സമ്പൽസമൃദ്ധിയും പ്രശസ്‌തിയും, ശംഖിന്റെ അത്ഭുതഗുണങ്ങൾ ഇങ്ങനെ

Tuesday 13 September 2022 8:25 PM IST

ഭാരതീയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആചാരങ്ങളുമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ശംഖ്. വിശ്വാസങ്ങളിലും കഥയിലും മാത്രമല്ല ശംഖിന്റെ തോട് പൊടിച്ച് മരുന്നായി പല ചികിത്സയ്‌ക്കും ഉപയോഗിക്കാറുമുണ്ട്. കുഞ്ഞുങ്ങളുടെ വയറിന്റെ അസുഖം മാറ്റാൻ ഭക്ഷണത്തിൽ ശംഖ് ഇങ്ങനെ ചേർത്ത് നൽകുന്ന പതിവും ചിലയിടത്തുണ്ട്.

ഹൈന്ദവ, ബുദ്ധ മതങ്ങളിൽ ശംഖനാദം അതീവ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കുന്നത്. ഉള‌ളിൽ നാല് ശൃംഖലകളടക്കം ആകെ അഞ്ച് കോണുകളുള‌ള വിശേഷപ്പെട്ട ഒരു ശംഖുണ്ട്. അതാണ് പാഞ്ചജന്യം. വിഷ്‌ണുദേവന്റെ കൈയിൽ പാഞ്ചജന്യം കാണാം. ഇന്ത്യൻ സംഗീത ചരിത്രത്തിൽ ആദ്യ സംഗീതം പുറത്തുവന്നത് ശംഖിൽ നിന്നാണ് എന്ന് പറയാറുണ്ട്. ശംഖനാദം നെഗറ്റീവ് എനർജിയെ പാടേ നശിപ്പിക്കും. പഞ്ചവാദ്യം മേളം ആരംഭിക്കുന്നത് ശംഖനാദത്തോടെയാണ്. ക്ഷേത്രം നടതുറക്കുമ്പോഴും നിവേദ്യത്തിനും ദീപാരാധന സമയത്തും ശംഖ് വായിക്കാറുണ്ട്.

കൂടിയാട്ടം, കഥകളി എന്നിവയിലും വിശേഷവേളയിൽ ശംഖ്നാദം മുഴക്കാറുണ്ട്. പ്രകൃതിദത്തമായി ഉണ്ടാകുന്ന ഒന്നാണ് ശംഖ്. ടർബിനല്ല പൈറം എന്ന ഒച്ചിന്റെ തോടാണ് ശംഖായി മാറുന്നത്. ഇത് രണ്ട് തരത്തിലുള‌ളതാണ് പ്രധാനമുള‌ളതായി കണക്കാക്കുന്നത്. വലംപിരി ശംഖും ഇടംപിരി ശംഖും. ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മീ ദേവിയുടെ വാസസ്ഥലമാണ് ശംഖ്.

ഐശ്വര്യത്തിനായി ഭാരതീയർ സൂക്ഷിക്കുന്ന വസ്തുക്കളിൽ ഒന്നുകൂടിയാണ് ശംഖ്. ഇത് വീട്ടിൽ വയ്‌ക്കുമ്പോൾ ഒറ്റയ്‌ക്ക് പാടില്ലെന്നാണ് പറയാറ്. രണ്ടെണ്ണമാണ് വേണ്ടത് അതും രണ്ട് ദിക്കിലായിവേണം. ഊതുന്ന ശംഖ് പൂജാവിധിയ്‌ക്കോ വെള‌ളമൊഴിച്ച് വയ്‌ക്കാനോ ഉപയോഗിക്കരുത്. മഞ്ഞത്തുണിയിലാണ് സൂക്ഷിക്കേണ്ടത്. ഊതാനുപയോഗിക്കുന്ന ശംഖിനേക്കാൾ ഉയരത്തിലാകണം പൂജയ്‌ക്ക് ഉപയോഗിക്കുന്ന ശംഖ് സൂക്ഷിക്കേണ്ടത്.

ശരിയായ രീതിയിൽ ശംഖ് സൂക്ഷിച്ചാൽ സമ്പൽസമൃദ്ധി, പാപമുക്തി, ദീർഘായുസ്, പ്രശസ്‌തി എന്നിവ നൽകാനും ശംഖുകൾക്ക് കഴിയുമെന്ന് വിശ്വസിച്ച് പോരുന്നു. വലംപിരി ശംഖിനാണ് പൊതുവെ ഐശ്വര്യം നൽകാനാകുമെന്ന് കരുതിപ്പോരുന്നത്.

Advertisement
Advertisement