പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് മുന്നിൽ വീട്ടുടമയുടെ ആത്മഹത്യാ ശ്രമം

Wednesday 14 September 2022 7:31 AM IST

കാട്ടാക്കട: ഭർത്താവ് താമസിക്കുന്ന വീട്ടിൽ നിന്ന് അവശ്യസാധനങ്ങളെടുക്കാൻ സഹായിക്കണമെന്ന വീട്ടമ്മയുടെ പരാതി അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ വീട്ടുടമയുടെ ആത്മഹത്യാ ശ്രമം. തടയാൻ ശ്രമിച്ച പൊലീസുകാരനും അയൽവാസിക്കും പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
കള്ളിക്കാട് മുണ്ടവൻകുന്ന് പൊറ്റയിൽ വീട്ടിൽ ഓട്ടോ ഡ്രൈവർ ദീപുരാജിനെയാണ് (39) ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യയുടെ പരാതിയിൽ നെയ്യാർഡാം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെയ്യാർ ഡാം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആനന്ദ് സ്വരാജിനും (40) അയൽവാസിയായ ദിപിൻ രാജിനും പൊള്ളലേറ്റു. ആനന്ദ് സ്വരാജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചു.

തന്നെയും മക്കളെയും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നെന്ന പരാതിയുമായി ദീപുരാജിന്റെ ഭാര്യ തങ്കച്ചി നെയ്യാർ ഡാം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസവും ഇവർ രാവിലെ സ്റ്റേഷനിലെത്തി. ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ മൂന്നുദിവസമായി മക്കളുമൊത്ത് പ്ലാമ്പഴിഞ്ഞിയിലെ കാരുണ്യമഠത്തിലാണെന്നും വീട്ടിൽ നിന്ന് മക്കളുടെ പുസ്‌തകങ്ങളും വസ്ത്രങ്ങളുമെടുക്കാൻ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് സ്റ്റേഷനിൽ നിന്ന് ആനന്ദ് സ്വരാജ് ഉൾപ്പെടെ മൂന്ന് പൊലീസുകാരും തങ്കച്ചിയും മകൻ ശ്രീജിത്തും വീട്ടിലെത്തി.

ദീപുവിനോട് പൊലീസ് പരാതിയുടെ കാര്യങ്ങൾ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പുസ്‌തകങ്ങളെടുക്കാൻ ദീപു സമ്മതിക്കുകയും ശ്രീജിത്ത് സാധനങ്ങളെടുക്കാൻ വീട്ടിലേക്ക് കയറുകയും ചെയ്‌തു. ശ്രീജിത്ത് പുസ്‌തകങ്ങളും വസ്ത്രങ്ങളുമെടുക്കുന്നതിനിടെ ദീപുരാജ് വീട്ടിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. അപ്രതീക്ഷിത നീക്കം കണ്ട് പൊലീസ് സംഘവും അയൽവാസികളും വീട്ടിലേക്ക് കയറി ദീപുരാജിനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസ് ഓഫീസർ ആനന്ദ് സ്വരാജിനും അയൽവാസിയായ ദിപിൻ രാജിനും പൊള്ളലേറ്റത്. സ്ഥിരം മദ്യപാനിയായ ദീപു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

Advertisement
Advertisement