ഭാരത് ജോഡോ യാത്ര ഇന്ന് തലസ്ഥാനം വിടും

Wednesday 14 September 2022 2:58 AM IST

 ജില്ലയിലെ കോൺഗ്രസിന് പുതിയ ഊർജമെന്ന് നേതാക്കൾ

തിരുവനന്തപുരം: നാലുദിവസത്തെ പര്യടനത്തിന് ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് തലസ്ഥാന ജില്ല വിട്ട് കൊല്ലത്തേക്ക് കടക്കാനിരിക്കെ ഡി.സി.സിയെ പ്രശംസിച്ച് രാഹുൽഗാന്ധി. ബൂത്ത് തലത്തിൽ വരെ ചലനമുണ്ടാക്കിയ യാത്ര ജില്ലയിൽ കോൺഗ്രസിന് ഊർജമായെന്നാണ് നേതാക്കൾ പറയുന്നത്.

യാത്രയുടെ വിജയത്തിനായി ജില്ലയിലെ 2700 ബൂത്തുകൾക്കും 300 കൂപ്പൺ വീതം ഡി.സി.സി നൽകിയിരുന്നു. ഒരു ബൂത്തിന് 50,000 രൂപയായിരുന്നു ടാർഗറ്റ്. ഇതിൽ 40,000 രൂപ ബൂത്തിനുള്ളതാണ്. ഡി.സി.സിക്ക് 4000 രൂപ നൽകണം. ബ്ലോക്ക് കമ്മിറ്രി, നിയോജക മണ്ഡലം കമ്മിറ്റി, മണ്ഡലം കമ്മിറ്രി എന്നിവയ്‌ക്ക് രണ്ടായിരം രൂപയുമായിരുന്നു നൽകാൻ നിർദ്ദേശി​ച്ചി​രുന്നത്. ഇതിൽ അമ്പത് ശതമാനം ബൂത്തുകളും യാത്രയ്‌ക്ക് മുന്നേ പണം പിരിച്ച് നൽകി. ജില്ലയിലെ തമ്മിലടിയും ഗ്രൂപ്പുവഴക്കും ഒഴിവാക്കാൻ കണ്ടാൽ പോലും മിണ്ടാത്ത പല നേതാക്കളെയും ഒന്നിച്ചുവിളിച്ചിരുത്തി യാത്രയിൽ ഒറ്രക്കെട്ടായി നിൽക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർദ്ദേശം നൽകി.

മുൻ ഡി.സി.സി പ്രസിഡന്റുമാർ, ജില്ലയിൽ നിന്നുളള കെ.പി.സി.സി ഭാരവാഹികൾ എന്നിവർ ഉൾപ്പെട്ട 23 അംഗ സ്റ്രീയറിംഗ് കമ്മിറ്റി എല്ലാത്തിനും മേൽനോട്ടം വഹിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്വാഗതസംഘം ഓഫീസും തുറന്നായിരുന്നു മുന്നൊരുക്കം നടത്തിയത്.

തരൂർ മത്സരിച്ചാൽ നിലപാട്

പറയാമെന്ന് പാലോട് രവി

കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ശശിതരൂർ മത്സരിച്ചാൽ അപ്പോൾ നിലപാട് പറയാമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി കേരളകൗമുദിയോട് പറഞ്ഞു. അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അദ്ദേഹത്തിന് ആഗ്രഹം പറയാം. കോൺഗ്രസ് അദ്ധ്യക്ഷനെ പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും. യാത്രയിൽ തരൂരിന്റെ പങ്കാളിത്തം മികച്ചരീതിയിലുണ്ടായിരുന്നു.

ഗുലാം നബി ആസാദ് പാർട്ടി വിട്ടിട്ടും തരൂർ പോയില്ല. മൂന്നുതവണ തരൂരിനെ വിജയിപ്പിച്ച ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ച് തരൂർ പാർട്ടി വിടില്ല. തരൂർ വീണ്ടും തിരുവനന്തപുരം പാലർമെന്റിലേക്ക് മത്സരിച്ചാൽ ഞങ്ങൾക്കത് അഭിമാനമാണ്. അടൂർ പ്രകാശിന് സംസ്ഥാന രാഷ്‌ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പറ‌ഞ്ഞാലും അക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് പാർട്ടിയായിരിക്കും. യാത്ര ജില്ലയിലെ കോൺഗ്രസിനുണ്ടാക്കിയ നേട്ടം ചില്ലറയല്ലെന്നും പാലോട് രവി പറ‌ഞ്ഞു.

രവി കേരളം മൊത്തം

കൂടുന്നോയെന്ന് രാഹുൽഗാന്ധി

കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാഹുൽഗാന്ധി ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയായിരുന്നു. അദ്ദേഹത്തിന്റെ പരിഭാഷ ഇഷ്‌ടപ്പെട്ട രാഹുൽ യാത്ര കേരളം കഴിയുന്നതുവരെ ഒപ്പം കൂടുന്നോയെന്ന് പാലോട് രവിയോട് ചോദിച്ചു.

അതിനിടെ കഴിഞ്ഞദിവസം ചായകുടിക്കിടെ പാലോട് രവി നമുക്കെല്ലാം മാതൃകയാണെന്ന് രാഹുൽഗാന്ധി പറ‌ഞ്ഞപ്പോൾ ഇദ്ദേഹത്തെപ്പറ്റിയൊരു പുസ്‌തം എഴുതാനുള്ള ആലോചനയിലാണെന്ന് രാഹുലിന്റെ സഹായിയായ ആന്റണി തമാശ പൊട്ടിച്ചു. ഒരു പുസ്‌തകം മതിയാകില്ലെന്നും രണ്ടോ മൂന്നോ വേണ്ടിവരുമെന്നുമായിരുന്നു രാഹുലിന്റെ കമന്റ്.

Advertisement
Advertisement