സിനിമയിലെ കലാപകാരി ഗൊദാർദിന് വിട
പാരീസ്: സെക്കൻഡിൽ ഇരുപത്തിനാല് ഫ്രെയിമിൽ പറയുന്ന സത്യമാണ് സിനിമ എന്ന് പ്രഖ്യാപിച്ച് സിനിമയിൽ നവതരംഗ കലാപം സൃഷ്‌ടിച്ച ഫ്രഞ്ച് - സ്വിസ് സംവിധായകൻ ഴാങ് ലുക് ഗോദാർദ് വിടവാങ്ങി. 91 വയസായിരുന്നു. തിരക്കഥാകൃത്തും നിർമ്മാതാവും നിരൂപകനുമായിരുന്നു. ജനീവയിലെ റോൾ നഗരത്തിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഗൊദാർദിന്റെ അന്ത്യം.
ബ്രത്‍ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, വീക്കെൻഡ്, ആൽഫവിൽ, ലാ പെറ്റിറ്റ് സോൾഡാട്ട്, ഇമേജ് ബുക്ക്, അഡിയൂ ലാംഗ്വേജ് തുടങ്ങി നാൽപ്പതിലേറെ ഫീച്ചർ സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്.
അൻപതുകളിലും അറുപതുകളിലും സിനിമയുടെ വ്യാകരണം പൊളിച്ചടുക്കി, സിനിമ സംവിധായകന്റെ കലയാണെന്ന് അടിവരയിട്ട രചയിതാ സിദ്ധാന്തത്തിലൂടെ ( ഓതിയർ തിയറി ) ലോകസിനിമയെ മാറ്റിമറിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ഗൊദാർദ്. സാഹിത്യത്തിൽ ഴാങ് പോൾ സാർത്രിന് സമമായിരുന്നു സിനിമയിൽ ഗൊദാർദിന്റെ സ്ഥാനം. കവിതയും തത്വചിന്തയും രാഷ്‌ട്രീയവും സാമൂഹ്യവിമർശനവും അദ്ദേഹത്തിന്റെ സിനിമകളിൽ ഇഴചേർന്നു.
1930 ഡിസംബർ 3ന് പാരീസിലാണ് ഗൊദാർദിന്റെ ജനനം. സ്വിറ്റ്സർലൻഡിലെ നിയോണിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1949ൽ പാരീസിൽ തിരിച്ചെത്തി. രണ്ടാം ലോകമഹായുദ്ധാനന്തരം പാരീസിൽ പൊട്ടിമുളച്ച ബുദ്ധിജീവികളുടെ സിനിമാ ക്ലബുകളാണ് ഗൊദാർദിന്റെ പ്രതിഭയെ പരിപോഷിപ്പിച്ചത്. ഈ സിനിമാ ക്ലബുകളിലാണ് പിൽക്കാലത്ത് സിനിമയെ മാറ്റിമറിച്ച ആന്ദ്രേ ബാസിൻ, ഫ്രാൻസ്വാ ത്രൂഫോ, ക്ലോഡ് ഷാബ്രോൾ, ജാക്വസ് റിവെറ്റ്, എറിക് റോമർ തുടങ്ങിയ പ്രതിഭകളെ ഗൊദാർദ് കണ്ടുമുട്ടുന്നത്. ആ സഹവാസത്തിൽ നിന്നാണ് ഫ്രഞ്ച് നവതരംഗം ഉറവ പൊട്ടിയത്. അക്കാലത്ത് ബാസിനും മറ്റും ചേർന്ന് തുടങ്ങിയ നവതരംഗ സിനിമാ മാസികയായ കഹേ ദു സിനിമയിൽ ഗൊദാർദ് സ്ഥിരം നിരൂപകനായി. 1960 ൽ ഇറങ്ങിയ ബ്രത്‌ലസ് ആണ് ആദ്യ ചിത്രം. ബെർലിൻ ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡും ചിത്രം നേടി. ചലച്ചിത്ര വ്യാകരണങ്ങൾ തിരുത്തി എഴുതിയ ഈ സിനിമയിലാണ് ജമ്പ് കട്ട് എന്ന എഡിറ്റിംഗ് സങ്കേതം ഗൊദാർദ് പരീക്ഷിച്ചത്. കഥാപാത്രത്തിന്റെ സ്വഭാവമോ ഡയലോഗോ അറിയാതെ സെറ്റിൽ വരുന്ന താരങ്ങൾ ഗൊദാർദിന്റെ രീതിയോട് കലഹിച്ചിട്ടുണ്ട്. പക്ഷേ സിനിമയുടെ സർവാധിപതിയായ സംവിധായകനായിരുന്നു ഗോദാർദ്.
ഫ്രഞ്ച് സർക്കാർ നിരോധിച്ച ലേ പെറ്റിറ്റ് സോൾഡാറ്റ് എന്ന സിനിമയിലെ നായിക അന്ന കരീന ഗൊദാർദിന്റെ ആദ്യ ഭാര്യയായി. 2018ലാണ് അവസാന ചിത്രം ഇമേജ് ബുക്ക് ഇറങ്ങിയത്. 2011ൽ ഓണററി ഓസ്കാർനൽകി ആദരിച്ചു. മൂന്ന് തവണ വിവാഹിതനായി.