ഗോദാർദ്; സിനിമയിലെ 'ജമ്പ് കട്ട് '

Wednesday 14 September 2022 12:00 AM IST

പലതരത്തിലും കലാപകാരിയായിരുന്ന ഗൊദാർദ് 1968 ൽ കാൻ ഫെസ്റ്റിവൽ നടക്കുമ്പോൾ സുഹൃത്തുക്കളുമൊത്ത് മേളയിലെത്തി കലാപം പ്രഖ്യാപിച്ചു. പ്രണയം പോലെ രാഷ്ട്രീയവും പ്രധാനമെന്ന് പറഞ്ഞ അദ്ദേഹം വിയറ്റ്‌നാമിൽ അമേരിക്ക ഇടപെടുന്നത് അവസാനിക്കുന്നതു വരെ തന്റെ എല്ലാ സിനിമയിലും വിയറ്റ്‌നാം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രധാന സംവിധായകനായിരുന്ന ഗൊദാർദ് തങ്ങളെ വിശേഷിപ്പിച്ചത് 'സിനിമാത്തെക്കിന്റെ കുട്ടികൾ' എന്നാണ്. പാരിസ് ഫിലിം ആർക്കൈവിലെ സിനിമാ തിയേറ്ററാണ് സിനിമാത്തെക്ക്. സിനിമയുടെ ഭാഷ മാറ്റി നിയമങ്ങൾ ലംഘിക്കാൻ തങ്ങളെ പഠിപ്പിച്ചത് ഗൊദാർദ് ആണെന്ന് സത്യജിത് റായ് പറഞ്ഞിരുന്നു. ഗൊദാർദിന്റെ ബ്രത്‌ലസ് ഇറങ്ങിയതോടെ സിനിമയുടെ വ്യാകരണത്തിൽ 'ജമ്പ് കട്ട്' എന്ന പുതിയ പ്രയോഗം വന്നു. എഡിറ്റിംഗിലെ സുഗമമായ ഒഴുക്കിനെ അവഗണിച്ചുള്ള ആഖ്യാനരീതിയാണിത്. പിന്നീട് ഈ പേരിൽ ചലച്ചിത്ര പ്രസിദ്ധീകരണമുണ്ടായി. സിനിമ നിമിഷത്തിൽ 24 വട്ടവും സത്യമാണ് എന്നതുപോലുള്ള പ്രസിദ്ധ ഉദ്ധരണികൾ ഗൊദാർദിന്റേതാണ്. മുമ്പ് ഒരു സെക്കൻഡിൽ 24 ഫ്രെയിമായിരുന്നു സിനിമ.

സിനിമയുടെ ചരിത്രം പോലെ ഭാഷയിലും തത്പരനായിരുന്ന അദ്ദേഹം ചലച്ചിത്ര നിരൂപണത്തിൽ നിന്നാണ് സംവിധായകനായത്. വീക്കെൻഡ്, ലാ പെറ്റിറ്റ് സോൾഡാട്ട്, ഇമേജ് ബുക്ക്, അഡിയൂ ലാംഗ്വേജ് എന്നിവയാണ് മറ്റു പ്രധാനചിത്രങ്ങൾ. സിനിമയുടെ പര്യായമാണ് തന്റെ പേരെന്ന മട്ടിൽ ഒരു ചിത്രത്തിൽ സംവിധായകന്റെ പേര് കൊടുത്തത് ഴാങ് ലുക്ക് സിനിമ ഗോദാർദ് എന്നാണ്.