നായ ഭീഷണി ; കോടതിയും കനിയണം

Wednesday 14 September 2022 12:00 AM IST

സ്‌പീക്കർ സ്ഥാനത്തുനിന്ന് മന്ത്രിപദം ഏൽക്കേണ്ടിവന്ന എം.ബി. രാജേഷിന്റെ ആദ്യ ദൗത്യം നായശല്യത്തിനു പരിഹാരം തേടലായത് യാദൃച്ഛികമാകാം. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ടു നടന്ന ഉന്നതതലയോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഒരുപരിധിവരെ തെരുവുനായ്‌ക്കളിൽ നിന്നുള്ള ഭീഷണി കുറയ്ക്കാൻ ഉതകുന്നവയാണ്. ഉന്നതതലയോഗം നടക്കുമ്പോഴും വിവിധ സ്ഥലങ്ങളിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ പലർക്കും മുറിവേറ്റിരുന്നു. നായഭീതിയിൽ നാടാകെ ഉത്‌‌കണ്ഠാകുലരാണ്.

നായ്‌ക്കളെ കൊന്നുകൂടെന്നാണു നിയമം. എന്നാൽ പേപിടിച്ചതും അക്രമകാരികളുമായ നായ്‌ക്കളെ എന്തുചെയ്യുമെന്നതാണ് പ്രശ്നം. മനുഷ്യർക്ക് അങ്ങേയറ്റം ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ വേറെ വഴിയില്ലെന്ന് സുപ്രീംകോടതിയും പരോക്ഷമായി സമ്മതിച്ചിട്ടുള്ളതാണ്.

നായ്‌ക്കളുടെ അനിയന്ത്രിതമായ വംശവർദ്ധന തടയാനുള്ള പുതിയൊരു കർമ്മപദ്ധതിക്കാണ് സംസ്ഥാനം ഒരുങ്ങുന്നത്. നായ്‌ക്കളുടെ പ്രജനനം തടയാനുള്ള വന്ധ്യംകരണ പരിപാടി പഞ്ചായത്തടിസ്ഥാനത്തിൽ ഉൗർജ്ജിതമാക്കാനാണു തീരുമാനം. ഈ ദൗത്യം കുടുംബശ്രീയെ ഏല്പിക്കാനുള്ള സാദ്ധ്യതയും തേടും. എന്നാൽ പരമോന്നത കോടതിയുടെ അനുമതി ലഭിച്ചാലേ ഈ ആശയം നടപ്പാക്കാനാവൂ. എ.ബി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വന്ധ്യംകരണ പരിപാടി കുടുംബശ്രീയെ ഏല്പിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ വിധി മറികടന്നാലേ ദൗത്യം കുടുംബശ്രീയെ ഏല്പിക്കാനാവൂ. ഈ മാസം 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാൻ തീരുമാനമായിട്ടുണ്ട്. പ്രതിദിനം പതിനായിരം നായ്ക്കൾക്കെങ്കിലും വാക്സിൻ നൽകിയാലേ ലക്ഷ്യം നേടാനാവൂ. അതിനു പരിശീലനം ലഭിച്ച ആൾക്കാർ വേണം. വേണ്ടത്ര ആളുകളെ പരിശീലനം നൽകി ദൗത്യം ഏല്പിക്കേണ്ടിവരും. വെറ്ററിനറി സർവകലാശാലയുടെ സഹായത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കാനാകും. പത്തുദിവസത്തെ പരിശീലനം മതിയാകും. വാക്സിൻ നൽകുന്നതിനായി തെരുവു നായ്‌ക്കളെ എത്തിക്കുന്നവർക്ക് പണം നൽകാനും തീരുമാനമായിട്ടുണ്ട്. ഒരു നായയ്ക്ക് അഞ്ഞൂറുരൂപ എന്ന തോതിലാകും പ്രതിഫലം. സംസ്ഥാനത്തെ മുഴുവൻ വളർത്തുനായകൾക്കും ഒക്ടോബർ 30നകം വാക്സിൻ എടുത്തിരിക്കണമെന്നാണു നിബന്ധന.

തെരുവുനായ്‌ക്കൾ പെരുകാനുള്ള കാരണങ്ങളിൽ പ്രധാനം അവയ്ക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടെന്നുള്ളതാണ്. മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന സ്വഭാവം നിലനിൽക്കുന്നിടത്തോളം കാലം തെരുവു നായകൾക്ക് നല്ല കാലമാണ്.

നായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഉൗർജ്ജിതമാക്കാൻ തീരുമാനമായിട്ടുണ്ട്. രണ്ടു ബ്ളോക്കിന് ഒരു കേന്ദ്രമെന്ന തോതിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങും. ഇതിനാവശ്യമായ തുക തദ്ദേശസ്ഥാപനങ്ങളുടെ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കണം. തെരുവു നായകൾക്കിടയിൽ പേപിടിച്ച നായ്‌ക്കളും ഉള്ളതാണ് ഏറെ ആശങ്ക ഉയർത്തുന്നത്. അടുത്തകാലത്ത് പേപ്പട്ടി കടിയേറ്റ് അനവധി പേർ ചികിത്സ തേടേണ്ടിവന്നു. പ്രതിരോധവാക്സിൻ സ്വീകരിച്ചശേഷവും അരഡസൻ പേർ മൃത്യുവിനിരയായത് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങളുയർത്തി. പേയൊന്നുമില്ലാത്ത നായ കടിച്ചാലും മാരകമായ മുറിവുകൾക്ക് ചികിത്സ തേടേണ്ടിവരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറേഴു മാസത്തിനിടെ ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് നായകടിയേറ്റ് ചികിത്സ തേടേണ്ടിവന്നിട്ടുണ്ട്. നായശല്യം എത്രമാത്രം രൂക്ഷമാണെന്നു തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

സംസ്ഥാനത്തെ നായശല്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജികളുണ്ട്. ഈ മാസം 28ന് അവ പരിഗണനയ്ക്കെടുക്കുമ്പോൾ വിഷയത്തിൽ സംസ്ഥാനം സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതുമായ നടപടികൾ വിശദമാക്കുന്ന സത്യവാങ്‌മൂലം സമർപ്പിക്കും. മനുഷ്യർക്ക് അപകടകാരികളായ നായകളെ കൊല്ലുന്നതടക്കം സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളിൽ കോടതി കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

Advertisement
Advertisement