ജെ.പി. നദ്ദയും ജാവദേക്കറും കേരളത്തിലെത്തും

Tuesday 13 September 2022 11:58 PM IST

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കേരളഘടകത്തിന്റെ പുതിയ പ്രഭാരിയായി ചുമതലയേറ്റ പ്രകാശ് ജാവദേക്കറും കേരളത്തിലെത്തും. ഈ മാസം 25, 26 തീയതികളിലായി കേരളത്തിലെത്തുന്ന നദ്ദയുടെ സന്ദർശനത്തിന് മുന്നോടിയായി 23ന് പ്രകാശ് ജാവദേക്കർ കേരളത്തിലെത്തും. ഏറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ അദ്ദേഹം സന്ദർശനം നടത്തും. ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുതിയതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം 25നും തിരുവന്തപുരത്തെ പുതിയ ഓഫീസ് കെട്ടിടം 26നും ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. ദേശീയ അദ്ധ്യക്ഷന്റെ സന്ദർശനത്തിന്റെ ഭാഗമായി പാർട്ടി സംസ്ഥാന നേതൃയോഗവും ചേരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ വലിയ പ്രവർത്തന പദ്ധതികൾക്കാണ് ദേശീയ നേതൃത്വം രൂപം നൽകിയിരിക്കുന്നത്.