ആസാദി കാ അമൃത് മഹോത്സവ്: പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള റെക്കാഡ് സമർപ്പണം നാളെ

Wednesday 14 September 2022 12:00 AM IST

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ റെക്കാഡ് നാളെ സമർപ്പിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കളക്ടർ ഹരിത വി. കുമാർ എന്നിവർ ചേർന്ന് വിദ്യാഭ്യാസ വകുപ്പിന് സർട്ടിഫിക്കറ്റ് കൈമാറും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ്, ഗാന്ധി ദർശൻ, ജില്ലാ സാമൂഹിക ശാസ്ത്ര ക്ലബ്ബ് എന്നിവ സംയുക്തമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലുമായി നടത്തിയ രണ്ട് പ്രവർത്തനങ്ങളാണ് 'ബെസ്റ്റ് ഒഫ് ഇന്ത്യ'യുടെ ദേശീയ റെക്കാഡ് ബുക്കിൽ ഇടംപിടിച്ചത്.

'സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്' എന്ന പേരിൽ ജില്ലയിലെ 1028 വിദ്യാലയങ്ങളിലും ആഗസ്റ്റ് 10ന് ഒരേ സമയം നടന്ന സിഗ്‌നേച്ചർ കാമ്പയിനും ആഗസ്റ്റ് 11ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒരേസമയം 'ഗാന്ധി മരം' എന്ന പേരിൽ ഫലവൃക്ഷത്തൈകൾ നട്ട പ്രവർത്തനവുമാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ദേശീയ റെക്കാഡിനായി തെരഞ്ഞെടുത്തത്.

റെക്കാഡ് സാക്ഷ്യപത്രവും ബാഡ്ജും പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ ഏറ്റുവാങ്ങും

- കെ.വി. ജോസ്, ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡ്‌സ് എഡിറ്റർ ഇൻ ചാർജ്

Advertisement
Advertisement