തെരുവുനായ്‌ക്കളെ പിടികൂടി മന്ത്രി മന്ദിരങ്ങളിലേക്ക് മാർച്ച് നടത്തും: വി.വി.രാജേഷ്

Wednesday 14 September 2022 5:20 AM IST

തിരുവനന്തപുരം: തെരുവ് നായ്‌ക്കളെ അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും മാലിന്യപ്രശ്നം തദ്ദേശ സ്ഥാപനങ്ങൾ വേണ്ടതുപോലെ പരിഹരിക്കാത്തതാണ് നായ്ക്കൾ വർദ്ധിക്കാൻ കാരണമെന്നും ബി.ജെ.പി ജില്ലാപ്രസി‌ഡന്റ് വി.വി.രാജേഷ്. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ തെരുവുനായ്‌ക്കളെ യുവമോർച്ച പ്രവർത്തകർ പിടികൂടുകയും അവയുമായി മന്ത്രി മന്ദിരങ്ങളിലേക്ക് മാർച്ച് നടത്തുമെന്നും രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോടികൾ ചെലവിട്ട് തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ശുദ്ധതട്ടിപ്പാണ്. വന്ധ്യംകരണം നടത്താതെയാണ് നായ്ക്കളുടെ ചെവി മുറിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെ കോൺഗ്രസും രാഹുൽ ഗാന്ധിയും യാത്രയിലൂടെ അപമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ.ഇ.മാമ്മന്റെയും സ്തൂപം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യാതിരുന്ന രാഹുലിന്റെ നടപടി രാജ്യസ്‌നേഹികളെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.