ഭർത്താവിന്റെ ക്രൂരപീഡനത്തിൽ കയ്യും കാലുമൊടിഞ്ഞു, കഷ്ടപ്പാട് നിറഞ്ഞ ജീവിതം, എന്നിട്ടും സത്യസന്ധത കൈവിടാതെ യുവതി

Wednesday 14 September 2022 4:30 PM IST

താമസം സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണസ്ഥാപനമായ സാന്ത്വനത്തിൽ. സ്വന്തമായി വീടോ സ്ഥലമോ മറ്റ് സ്വത്തുവകകളോയില്ല. എന്നിട്ടും സത്യസന്ധത കൈവിടാതെ മാതൃകയായി യുവതി. പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും വഴിയിൽ കളഞ്ഞുകിട്ടിയ രണ്ടുപവന്റെ മാല ഉടമയെ തിരികെ ഏൽപ്പിക്കാൻ ഇടുക്കിക്കാരിയായ ശൈലജ ഒട്ടും മടിച്ചില്ല.

സെപ്തംബർ ആറിന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് നടന്നുപോകുന്നതിനിടെയാണ് വഴിയിൽ സ്വർണമാല കിടക്കുന്നത് ശൈലജയുടെ ശ്രദ്ധയിൽപ്പെടുന്നത്. പരിസരത്ത് ആരെയും കണ്ടില്ല. തുടർന്ന് മാല സാന്ത്വനത്തിന്റെ ഡയറക്ടറായ ആനി ബാബുവിനെ ഏൽപ്പിച്ചു. പത്രത്തിലൂടെ മാല ലഭിച്ച വിവരം നൽകുകയും ചെയ്തു. ഇതിനിടെയാണ് മെഡിക്കൽ കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഓമനയുടെ മാല നഷ്ടമായ വിവരം അറിയുന്നത്. പിന്നെ ഒട്ടും താമസിച്ചില്ല. ഓമനയെ അന്വേഷിച്ചു കണ്ടെത്തി മാല തിരികെയേൽപ്പിച്ചു. മാല നഷടപ്പെട്ട സങ്കടത്തിൽ കഴിയുകയായിരുന്ന ഓമനയുടെ ജീവിതത്തിലേയ്ക്ക് മാലാഖയെപ്പോലെ കടന്നുവരികയായിരുന്നു ശൈലജ. കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൂടി നൽകിയതിന് ശേഷമാണ് ഓമന ശൈലജയെ യാത്രയാക്കിയത്.

ഭർത്താവിന്റെ ക്രൂരപീ‌ഡനത്തിൽ കയ്യും കാലുമൊടിഞ്ഞ നിലയിലാണ് ആറ് വർഷം മുൻപ് ശൈലജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ താമസം സാന്ത്വനത്തിലായി. കുഞ്ഞും ഒപ്പമുണ്ട്. ഒരു കുടുംബം നൽകിയ നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒരു വീട് പണിയണമെന്ന സ്വപ്നവും പേറി ജീവിക്കുകയാണ് ശൈലജ. സാന്ത്വനത്തിലെ പാചകത്തൊളിലാളിയാണ് ശൈലജ.

Advertisement
Advertisement