തോൽപ്പെട്ടിയിൽ 27 ലിറ്റർ ആസാം നിർമിത വിദേശമദ്യം പിടികൂടി

Thursday 15 September 2022 1:23 AM IST

തോൽപ്പെട്ടി: കേരള സംസ്ഥാന അതിർത്തിയായ തോൽപ്പെട്ടിയിൽ 27 ലിറ്റർ ആസാം നിർമിത വിദേശമദ്യം പിടികൂടി. മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും സംഘവും തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ വച്ചാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ആസാമിൽ മാത്രം വിൽപ്പനാധികാരമുള്ള 36 കുപ്പി മദ്യം പിടികൂടിയത്. മദ്യത്തിന്റെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് അധികൃതർ പറഞ്ഞു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. രാത്രികാല അന്തർസംസ്ഥാന ബസുകളിൽ മദ്യം, മയക്കുമരുന്ന് എന്നിവ വൻതോതിൽ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.എം ലത്തീഫ്, സി.ഇ.ഒമാരായ വി.കെ സുധീഷ്, വിപിൻകുമാർ, സാലിം, ബാബു, എന്നിവർ പങ്കെടുത്തു. മദ്യം മയക്കുമരുന്ന് എന്നിവ അന്യസംസ്ഥാനങ്ങളിൽ നിന്ന് ബസുകളിൽ കയറ്റിവിട്ട് ബസ് ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ മയക്കുമരുന്ന് ലോബികൾ എടുക്കുന്നതാണ് ഇപ്പോഴത്തെരീതിയെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

Advertisement
Advertisement