ജില്ലാപഞ്ചായത്തും സുപ്രിംകോടതിയിലേക്ക്: കണ്ണൂരിൽ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങും

Wednesday 14 September 2022 9:28 PM IST

കണ്ണൂർ :വർദ്ധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ നിലവിലുള്ള ഹരജിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേരും.തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് പ്രസിഡന്റ് പി.പി.ദിവ്യ മാദ്ധ്യമങ്ങളെ അറിയിച്ചു.

പേവിഷ ബാധ നിർമ്മാർജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും, മൃഗസ്‌നേഹികളുടെയും സഹകരണത്തോടെ തെരുവ് നായ്ക്കളുടെ വാക്‌സിനേഷൻ ഇന്നലെ പയ്യാമ്പലത്ത് ആരംഭിച്ചു. ജില്ലയിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് നടത്തി കൃത്യമായ കണക്കുകൾ ശേഖരിക്കും.തെരുവ് നായശല്യം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും ജനകീയ സമിതികൾ രൂപീകരിക്കും.

തെരുവുനായ ശല്യം ചർച്ച ചെയ്യാനായി ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗം ചേർന്നു. മേയർ അഡ്വ.ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.കെ.കെ.രത്‌നകുമാരി, യു.പി.ശോഭ, അഡ്വ.ടി.ഒ.സരള, വി.കെ.സുരേഷ് ബാബു, എ.ഡി.എം കെ.കെ.ദിവാകരൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ, ജില്ലാ മൃസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി.അജിത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു, തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മൃഗങ്ങളെ വളർത്തണോ,​ലൈസൻസ് നിർബന്ധം
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിൽ അനധികൃതമായ പ്രവർത്തിക്കുന്ന പ്രജനന കേന്ദ്രങ്ങളുണ്ട്. ഇത്തരം പ്രജനന കേന്ദ്രങ്ങൾക്കും ലൈസൻസ് ഇല്ലാതെ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്കും പിഴ ഈടാക്കും.

സജ്ജീകരണം വേറേയും

പടിയൂരിലെ ആധൂനിക എ.ബി.സി സെന്റർ ഈ മാസം പ്രവർത്തനം തുടങ്ങും

എ.ബി.സി സെന്ററിലേക്ക് ആവശ്യമുള്ള പട്ടിപിടിത്തക്കാരേയും ജീവനക്കാരെയും നിയമിച്ചു

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ

മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പൊതു ഇടങ്ങളിൽ സി.സി ടി.വി

വന്ധ്യംകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഷെൽട്ടറുകൾ

വാക്‌സിനേഷനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പ്

വളർത്തുമൃഗങ്ങൾക്ക് മൈക്രോ ചിപ്പിംഗ് നിർബന്ധം

Advertisement
Advertisement