കണ്ണായ ഇരുജീവിതങ്ങൾ

Wednesday 14 September 2022 10:03 PM IST

കയ്പമംഗലം : അനിയത്തി സുനന്ദയെ ഗീതയുടെ കൈയിലേൽപ്പിച്ച് അമ്മ എച്ചു മടങ്ങിയിട്ട് 35 വർഷം. കാൽനൂറ്റാണ്ട് മുമ്പ് അച്ഛൻ ചന്ദ്രപുരക്കൽ വേലായുധനും പോയി. അന്നുമുതൽ ഗീതയാണ് സുനന്ദയുടെ അച്ഛനുമമ്മയുമെല്ലാം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന ചിക്കൻപോക്‌സ് സുനന്ദയുടെ കാഴ്ചയും കൊണ്ടുപോയി.
പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഗീതയുടെ നെട്ടോട്ടം. ബന്ധുക്കളാരും തിരിഞ്ഞു നോക്കാതായി. അച്ഛന്റെ രണ്ടാം വിവാഹത്തിലെ മക്കളാണെന്നതും അവർക്കെല്ലാം കാരണമായി. പതിനഞ്ചാം വയസ് മുതൽ വീട്ടുപണിക്ക് പോയിത്തുടങ്ങി. വീട്ടുപണിയെടുത്തും സെയിൽസ് ഗേളായും കൂലിപ്പണിയെടുത്തും ഗീത മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ്. അങ്ങനെ കിട്ടുന്ന ചെറിയ തുകകൾ കൂട്ടിവച്ചും അനിയത്തിയുടെ കണ്ണുചികിത്സ ചെയ്യും. കോയമ്പത്തൂരിലെ അരവിന്ദിലും അങ്കമാലിയിലെ ലിറ്റിൽഫ്‌ളവറിലുമെല്ലാം കയറിയിറങ്ങി. കൃഷ്ണമണിയിൽ പഴുപ്പ് ബാധിച്ചതും കണ്ണുനീർ ഗ്രന്ഥി നശിച്ചതുമെല്ലാം വിനയായി. കാലം ഒരുപാട് മുന്നോട്ടു പോയി. ഇന്ന് ഗീതയ്ക്ക് 44. സുനന്ദയ്ക്ക് 40. എന്നാൽ ദുരിതങ്ങളും ചികിത്സകളും പ്രയത്‌നങ്ങളും മാത്രം അതേപടിയുണ്ട്. ഒരിക്കൽ ടി.വി. കാണണമെന്ന് അനിയത്തിക്ക് ഒരേ വാശി. ലോണെടുത്തും മറ്റും വാങ്ങിയ ടി.വിയിലെ ആദ്യവെട്ടം നിഴലായും ശബ്ദമായും സുനന്ദയിൽ നിറഞ്ഞപ്പോൾ ഗീതയുടെ മനസ് സന്തോഷിച്ചു. ഇത്രയെങ്കിലും കഴിഞ്ഞല്ലോ എന്നാശ്വസിച്ചു.
പതിനെട്ട് വർഷം മുമ്പ് പഞ്ചായത്ത് അനുവദിച്ച മൂന്നുസെന്റ് സ്ഥലത്ത് വെച്ച ഒരു ചെറിയ വീടാണ് ഏക സമ്പാദ്യം. പെരിഞ്ഞനം പഞ്ചായത്തിലെ കാക്കാത്തുരുത്തി പള്ളിവളവിലെ ഈ വീട്ടിലേക്കുള്ള നടവഴി പോലും ഇടുങ്ങിയതാണ്. പക്ഷേ ഗീതയ്ക്ക് ആരോടും പരിഭവമില്ല. ജോലിക്ക് പോകുമ്പോൾ അനിയത്തിയെ തനിച്ചാക്കേണ്ടി വരുമല്ലോയെന്ന പ്രയാസം ഇടയ്ക്കിടയ്ക്ക് തികട്ടിവരും. പ്രദേശത്ത് പകൽവീട് പോലുള്ള സംവിധാനങ്ങളുമില്ല. പകൽ നേരത്തെ ഒറ്റപ്പെടൽ സുനന്ദയിലും കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നുണ്ട്. എന്നെങ്കിലും ചികിത്സ ഫലിച്ച് ചെറുതായെങ്കിലും കാഴ്ച തിരിച്ചു കിട്ടിയാൽ അവൾക്കെങ്കിലും ഒരു കുടുംബ ജീവിതം ഉണ്ടാകുമല്ലോയെന്ന പ്രതീക്ഷയാണ് ഗീതയുടെ മനസിലെ ഏക തരിവെട്ടം. അതിന് ആകെയുള്ള ഈ വീട് വിൽക്കാനും ഈ ചേച്ചിയമ്മ തയ്യാർ.

Advertisement
Advertisement