വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം: ജില്ലാ ഭരണകൂടത്തിന്റെ സംയോജിത പദ്ധതി

Wednesday 14 September 2022 10:26 PM IST

തൃശൂർ: വിദ്യാർത്ഥികളിലെ സിന്തറ്റിക് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയുടെ ഉപയോഗം നിയന്ത്രിക്കാനായി സംയോജിത പദ്ധതിക്ക് രൂപം നൽകാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകൾക്ക് കീഴിലായി ചിതറിക്കിടക്കുന്ന പദ്ധതികളെ ഏകോപ്പിച്ച് ശക്തമായ കാമ്പയിൻ സംഘടിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് പറഞ്ഞു.
എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, യുവജനക്ഷേമ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, എൻ.എസ്.എസ്, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയെ സഹകരിപ്പിച്ചാണ് സമഗ്ര പദ്ധതി തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, നടപ്പാക്കാവുന്നവ, ഉപയോഗപ്പെടുത്താവുന്ന വിഭവങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് 17നകം സമർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചു.

ആശയ വിനിമയം ശക്തിപ്പെടുത്തും

ലഹരി ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രാപ്തരാക്കാൻ ബോധവത്കരണവും പരിശീലനവും നൽകും. ഇതിനായി വിദ്യാലയ തലത്തിലും ഗൃഹതലത്തിലും സംവിധാനമുണ്ടാക്കും. രക്ഷിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു. കൊവിഡ് കാലത്ത് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ മക്കൾക്കൊപ്പം പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തും. നിലവിൽ പത്താം ക്ലാസിൽ മാത്രം നടക്കുന്ന ക്ലാസ് മറ്റ് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.
ലഹരി ഉപയോഗം കണ്ടെത്താനും ആവശ്യമായ ചികിത്സയും കൗൺസലിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാനും വിവിധ മേഖലകളിലുള്ളവർക്ക് പരിശീലനം നൽകണം. ആശ വർക്കർമാർ, കുടുംബശ്രീ കൗൺസിലർമാർ, വനിതാ ശിശുക്ഷേമ വകുപ്പിലെ കൗൺസിലർമാർ, എൻ.എച്ച്.എമ്മിന് കീഴിലുള്ള സ്റ്റുഡന്റ് എഡ്യുക്കേറ്റർമാർ, ഹെൽത്ത് കൗൺസിലർമാർ തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

ബോധവത്കരണ കാമ്പയിൻ

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കും. മയക്കുമരുന്ന് വ്യാപാരം, ഉപയോഗം എന്നിവയുടെ റിപ്പോർട്ടിംഗ് ശക്തമാക്കാൻ വ്യാപാരികൾ, വാർഡ് മെമ്പർമാർ, ക്ലീനിംഗ് ജീവനക്കാർ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തും. മയക്കുമരുന്നിന്റെ വിതരണവും വ്യാപാരവും കണ്ടെത്തി തടയാനും നടപടിയെടുക്കും. വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള വാർഡ് തല സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിക്കും. സിറ്റി പൊലിസ് കമ്മിഷണർ ആർ.ആദിത്യ, ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, അസിസ്റ്റന്റ് കളക്ടർ വി.എം.ജയകൃഷ്ണൻ, ഡി.ഡി.ഇ മദനമോഹനൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.പ്രേംകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement