വട്ടിയൂർക്കാവിലെ വേസ്റ്റ് കളക്ഷൻ ബിൻ ഹിറ്റായി

Thursday 15 September 2022 5:35 AM IST

തിരുവനന്തപുരം: ഒരുവശത്ത് നഗരത്തിൽ മാലിന്യം പൊതുപ്രശ്‌നമാകുമ്പോൾ മറുവശത്ത് മാലിന്യ സംസ്‌കരണം ഫലപ്രദമാകുന്നതിന്റെ ഉദാഹരണമാണ് വട്ടിയൂർക്കാവിലെ വേസ്റ്റ് കളക്ഷൻ ബിൻ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ വട്ടിയൂർക്കാവിലെ ഓഫീസിന് മുന്നിലാണ് രണ്ട് ഡ്രൈ വേസ്റ്റ് സെഗ്രിഗേറ്റഡ് കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നത്.

സമീപവാസികളും വഴിയാത്രക്കാരും ഉൾപ്പെടെ നിരവധിപേരാണ് ദിവസേന ഈ ബിന്നുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. കണ്ണാടിക്കുപ്പി, ചില്ല്, പ്ലാസ്റ്റിക്, തുണി, ലോഹങ്ങൾ, മെറ്റൽ ക്യാനുകൾ, പേപ്പർ, ചെരുപ്പ്, ബാഗ് എന്നിങ്ങനെ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ബിന്നുകളിൽ നിക്ഷേപിക്കാം. നഗരസഭാ ജീവനക്കാർ ബിന്നുകളിലെ മാലിന്യം ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.

തന്റെ ഓഫീസിലെ മാലിന്യങ്ങളും ബിന്നിൽ നിക്ഷേപിച്ച് വി.കെ. പ്രശാന്തും പൊതുജനത്തിന് മാതൃകയാകുകയാണ്. പാളയത്ത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലും സമാന രീതിയിൽ ഡ്രൈ വേസ്റ്റ് കളക്ഷൻ ബിൻ ഉണ്ട്. ഇവിടെ വൈകിട്ട് ആറുവരെ പൊതുജനത്തിന് അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാം. ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ സൗകര്യമുള്ളതുപോലെ തന്നെയാണ് അജൈവ മാലിന്യങ്ങൾക്കായി ഇത്തരത്തിൽ പുതിയ സംവിധാനം നഗരസഭ ആവിഷ്കരിച്ചത്. ജൈവ - അജൈവ മാലിന്യങ്ങൾ ഒന്നിച്ച് ശേഖരിച്ചത് തരംതിരിക്കാൻ പ്രയാസമായതിനാൽ കൂടുതൽ ഡ്രൈ വേസ്റ്റ് സെഗ്രിഗേറ്റഡ് കളക്ഷൻ ബിന്നുകൾ വേണമെന്നാണ് ജീവനക്കാരുടെയും പൊതുജനത്തിന്റെയും ആവശ്യം.

Advertisement
Advertisement