മസൂദ് അസ്ഹറിനെ കണ്ടെത്തണമെന്ന് അഫ്ഗാനോട് പാകിസ്ഥാൻ

Thursday 15 September 2022 5:43 AM IST

കറാച്ചി: ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്‌ഹറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് കത്തയച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. അസ്ഹർ ഒളിവിൽ കഴിയാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളെ പറ്റിയും കത്തിലൂടെ പാകിസ്ഥാൻ സൂചന നൽകി. നൻഗാർഹർ, കുൻഹാർ മേഖലകളിൽ അസ്ഹർ ഉണ്ടായേക്കുമെന്ന് കത്തിൽ പറയുന്നു.

അസ്ഹർ എവിടെയാണെന്നത് സംബന്ധിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. അസ്ഹർ രാജ്യത്ത് ഒളിവിലില്ലെന്ന് സ്ഥാപിക്കുകയാണ് കത്തിലൂടെ പാകിസ്ഥാന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തത്. അസ്ഹർ ഇതിന് മുമ്പ് അഫ്ഗാനിലേക്ക് കടന്നോ എന്ന് വ്യക്തമല്ല. 2001ലെ പാർലമെന്റ് ആക്രമണം, 2019ലെ പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളുടെ ഉത്തരവാദികൾ ആണ് പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്. 2019ൽ അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സ്വന്തം മണ്ണിൽ വളരുന്ന ഭീകരവാദത്തിന് തടയിട്ടില്ലെങ്കിൽ ഉപരോധം നേരിടേണ്ടി വരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement
Advertisement