ഓണച്ചിത്രങ്ങളിൽ മികച്ച സസ്പെൻസ് ത്രില്ലർ! തീയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി 'ഒറ്റ്'

Thursday 15 September 2022 11:36 AM IST

ഓണത്തിന് പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ മികച്ച സസ്പെൻസ് ത്രില്ലർ എന്ന അഭിപ്രായം നേടി മുന്നേറി കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി കൂട്ടുകെട്ടിന്റെ 'ഒറ്റ്'. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷൻ പ്രകടനം!

ചാക്കോച്ചൻ ഇന്നുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞതും എന്നാൽ അത്യന്തം മാസ് ആയും അരവിന്ദ് സ്വാമി ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ ഗ്യാംഗ്‌സ്റ്റർ ചിത്രങ്ങളിൽ ഒന്നായി ഇതിനെ കാണാം. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ കോരി തരിപ്പിക്കുന്നുണ്ട്. വളരെ രസകരമായ ഒരു റോഡ് ത്രില്ലർ മൂവി കൂടിയാണിത്. തന്റെ ആദ്യ ചിത്രമായ തീവണ്ടിക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസുമായി ചേർന്ന് ഒരു ഹിറ്റ് ഒരുക്കുന്നതിൽ സംവിധായകൻ ഫെലിനി വിജയിച്ചെന്ന് പറയാം. തമിഴിൽ രണ്ടകം എന്ന പേരിലും ഈ ചിത്രം ഈ ആഴ്ച റിലീസ് ആകുന്നുണ്ട്. എന്തായാലും ഓണച്ചിത്രങ്ങളിൽ ഒരു മാസ് ത്രില്ലർ എന്ന നിലയിൽ ഒറ്റ് മുന്നിൽ തന്നെയാണ്.