മനുഷ്യരെന്നില്ല, മൃഗങ്ങളെയും കടിക്കും!.

Saturday 17 September 2022 12:00 AM IST

കോട്ടയം. തെരുവുനായ്ക്കൾ മനുഷ്യനെ മാത്രമല്ല, വളർത്തു മൃഗങ്ങളെയും വെറുതെ വി‌ടുന്നില്ല. എട്ടു മാസത്തിനിടെ 2500 ഓളം വളർത്തു മൃ​ഗങ്ങളെയാണ് തെരുവു നായ കടിച്ചത്. ദിവസവും ശരാശരി പത്തിലേറെ മൃഗങ്ങൾക്ക് കടിയേൽക്കുന്നെന്ന് ചുരുക്കും.

പശു,​ ആട്,​ വളർത്തുനായ,​ പോത്ത്,​ കുതിര തുടങ്ങിയവയ്ക്കാണ് കടിയേറ്റത്. കടിയേറ്റ് ചത്തതും ലക്ഷണം പ്രകടിപ്പിച്ചതുമായ 56 മൃഗങ്ങളെ പരിശോധിച്ചതിൽ 31 എണ്ണത്തിനും പേ വിഷം സ്ഥിരീകരിച്ചു. വളർത്തുനായ - 28, വളർത്തുപൂച്ച - 1, പശുക്കിടാവ് - 1, കുതിര - 1 എന്നിങ്ങനെയാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്.

വളർത്തുമൃ​ഗങ്ങൾക്ക് കടിയേറ്റാൽ .

വളർത്തുമൃ​ഗങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റാൽ മനുഷ്യന് ചെയ്യുന്നത് പോലുള്ള പ്രാഥമിക ശുശ്രൂഷ ചെയ്യണം. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകണം. ഇത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും. കഴുകുന്നയാൾ ​ഗ്ലൗസ് ധരിക്കണം. മുറിവ് വൃത്തിയാക്കി കഴിഞ്ഞാൽ മൃ​ഗാശുപത്രിയിൽ എത്തിക്കണം. ചെറിയ മുറിവ് ആണെങ്കിലും വൈദ്യസഹായം ഉറപ്പാക്കണം. കടിയേറ്റ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. തുടർന്ന് ആകെ 6 ഡോസ് കുത്തിവയ്പ്പ് എടുക്കണം.

മൃഗങ്ങൾക്കുമുണ്ട് നഷ്ടപരിഹാരം.

തെരുവുനായയുടെ കടിയേറ്റ് ചെത്താൽ മൃഗങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. മൃ​ഗാശുപത്രി വഴിയാണ് അപേക്ഷിക്കേണ്ടത്. മൃ​ഗസംരക്ഷണ വകുപ്പ് ഇത് പരിശോധിച്ച് ഉറപ്പുവരുത്തും. പശു ഒന്നിന് 16,000 രൂപ വരെയും ആടിന് 1650 വരെയും നഷ്ടപരിഹാരം ലഭിക്കാം. തെരുവുനായ ആക്രമണം മൂലം ചത്താൽ കോഴി ഒന്നിന് 50 രൂപ വീതം പരമാവധി 50,000 രൂപ വരെ ​ലഭിക്കാൻ അർഹതയുണ്ട്.

കടിയേറ്റ മൃഗങ്ങൾ.

പശു - 297.

ആട് - 1008.

വളർത്തുനായ - 869.

വളർത്തുപൂച്ച - 181.

മറ്റുള്ളവ - 130.

ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഒാഫീസർ ഷാജി പണിക്കശേരി പറയുന്നു.

ആ​ഗ​സ്റ്റ് മാസത്തിൽ 452 മൃ​ഗങ്ങൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. പേവിഷ ബാധയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55.36 ശതമാനമാണ്.

Advertisement
Advertisement