പുന്നമടക്കായലിൽ കോൺക്രീറ്റ് കെണി (ഡെക്ക്) പതിയിരിക്കുന്ന കുറ്റികൾ ഹൗസ്ബോട്ടുകൾക്ക് പണി​!

Saturday 17 September 2022 1:20 AM IST
കായലിലെ പോയ്ക്കിടയിൽ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് കുറ്റി

# ബോട്ടുകളുടെ അടിത്തട്ട് തകരുന്നത് പതിവായി

ആലപ്പുഴ: പുന്നമടക്കായലിൽ സ്വകാര്യ റിസോർട്ടുകാർ സ്ഥാപിച്ച അനധികൃത കോൺക്രീറ്റ് കുറ്റികളിൽ തട്ടി ഹൗസ് ബോട്ടുകൾക്ക് വിള്ളൽ വീഴുന്നത് പതിവായിട്ടും നടപടിയില്ല. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധം അപകട സാദ്ധ്യത ഉയർത്തുന്ന കോൺക്രീറ്റ് കുറ്റികൾ നീക്കുന്നതു സംബന്ധിച്ച് അധികൃതരെ പലതവണ സമീപിച്ചിട്ടും പരിഹാരം ഉണ്ടായില്ലെന്ന് ഹൗസ്ബോട്ട് ഉടമകൾ പറയുന്നു.

കുറ്റിയിൽ തട്ടി ബോട്ടിലേക്ക് വെള്ളം കയറിയത് മൂലം, ആലപ്പുഴയിൽ ഹൗസ് ബോട്ട് വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന യുവാവിന് ഒരു ലക്ഷം രൂപയോളമാണ് കഴിഞ്ഞദിവസം ചെലവായത്. ശനിയാഴ്ച സഞ്ചാരികളുമായി കായൽ സവാരി നടത്തുന്നതിനിടെയാണ് പുന്നമട നെഹ്രുട്രോഫി ഫിനിഷിംഗ് പോയിന്റിന് സമീപം സ്വകാര്യ റിസോർട്ട്, കായലിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണിൽ ബോട്ടിടിച്ചത്. കായലിൽ വെള്ളം കൂടുന്ന സമയത്ത് കാണാൻ സാധിക്കാത്ത വിധം തൂണ് വെള്ളത്തിനടിയിലായിരിക്കും. ബോട്ടിന് വിള്ളൽ വീണതോടെ വെള്ളം ഇരച്ചുകയറി. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ ബോട്ട് 2023ലാണ് നിയമാനുസൃത അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാൽ അപകടമുണ്ടായതിനാൽ ഉടൻതന്നെ അറ്റകുറ്റപ്പണി വേണ്ടിവരും. അപകട ദിവസം ചെലവായ ഒരു ലക്ഷം രൂപയ്ക്കു പുറമേ, ചുരുങ്ങിയത് അഞ്ച് ലക്ഷം കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. റിസോർട്ടുകാരുടെ ബോയയും മറ്റും കെട്ടിയിടാനാണ് കായലിൽ അനുമതിയില്ലാതെ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത്.

# പരാതിപ്പെട്ടു, ഫലമുണ്ടാവുമോ?

കോൺക്രീറ്റ് തൂണുകളിൽ തട്ടി ബോട്ടുകൾ അപകടത്തിലാവുന്ന സംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഹൗസ് ബോട്ടുടമ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, പോർട്ട് ഓഫീസർ, ഡി.ടി.പി.സി സെക്രട്ടറി, ജലഗതാഗത വകുപ്പ് എന്നിവർക്ക് രേഖാമൂലം പരാതി നൽകി.

വെള്ളം പൊങ്ങിയാൽ കോൺക്രീറ്റ് തൂണുകൾ കാണാനാവില്ല. നിരവധി ബോട്ടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. വെള്ളം ഇരച്ചുകയറി സഞ്ചാരികൾക്കും ജീവനക്കാർക്കും ജീവഹാനി സംഭവിക്കാതിരുന്നത് ഫയർ ഫോഴ്സിന്റെ ഇടപെടൽ കൊണ്ടാണ്. കായൽ കൈയേറി കോൺക്രീറ്റ് തൂൺ സ്ഥാപിച്ച സ്ഥാപന ഉടമയിൽ നിന്ന് ചെലവായ തുക ഈടാക്കിത്തരണമെന്നും കുറ്റികൾ അടിയന്തിരമായി നീക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്

ശബാബ്, ഹൗസ് ബോട്ട് ജീവനക്കാരൻ

Advertisement
Advertisement