എം.ഡി.എം.എയുടെ കൊല്ലാക്കൊല ; ഈ വർഷം പിടിയിലായത് 50 ചെറുപ്പക്കാർ

Saturday 17 September 2022 12:25 AM IST
എം.ഡി.എം.എ

തൃശൂർ: കൽക്കണ്ടമോ പഞ്ചസാരയോ പോലെ തോന്നിപ്പിക്കുന്നതും കുറഞ്ഞ അളവിൽ തന്നെ കൊടുവിഷമായി പ്രവർത്തിക്കുന്ന എം.ഡി.എം.എ ജില്ലയിൽ ഈ വർഷം എട്ടു മാസത്തിനിടെ പിടിച്ചെടുത്തത് ഒരു കിലോഗ്രാം. അറസ്റ്റിലായ അമ്പതോളം പേരും ചെറുപ്പക്കാരാണ്. പെൺകുട്ടികളും പ്‌ളസ് ടു പ്രൊഫഷണൽ വിദ്യാർത്ഥികളും മാരകവിഷത്തിന് അടിമകളായി ശാരീരികപ്രശ്‌നങ്ങൾ നേരിടുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

മെത്ത്, എം, കല്ല്, പൊടി തുടങ്ങിയ പേരുകളിലാണ് ഇത് വിദ്യാർത്ഥികൾക്കിടയിൽ അറിയപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നരീതിയെ ലൈനിടുക എന്നാണ് പറയുന്നത്. ഒരു നോട്ടിൽ അല്പം എം.ഡി.എം.എ വിതറി എ.ടി.എം കാർഡ് കൊണ്ട് നേരിയ പൊടിയാക്കി മാറ്റും. ഈ പൊടി മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ ഗ്ലാസിൽ വച്ചശേഷം എ.ടി.എം കാർഡ് കൊണ്ട് ലൈനുകളാക്കും. നോട്ടുചുരുട്ടി മൂക്കിന്റെ ഒരു ദ്വാരത്തിൽ കയറ്റിവെച്ച്, മറ്റേ ദ്വാരം അടച്ചുപിടിച്ചാണ് മരുന്ന് വലിച്ചുകയറ്റുന്നത്.

വിദ്യാർത്ഥികളുടെ ബാഗ്, വസ്ത്രങ്ങൾ, കിടപ്പുമുറി തുടങ്ങിയവ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പരിശോധിക്കണമെന്നും ചുരുട്ടിയ നോട്ടുകൾ, ഉപയോഗിക്കാത്ത എ.ടി.എം കാർഡ്, പ്ലാസ്റ്റിക് പൗച്ചുകൾ തുടങ്ങിയവ വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയാൽ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് പറയുന്നു. ലഹരിമരുന്നിനെതിരെ കേരള പൊലീസ് ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായി സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ഇതേക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് തിരിച്ചറിയാനാകുമെന്നും എം.ഡി.എം.എ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തൃശൂർ സിറ്റി പൊലീസിലെ സബ് ഇൻസ്‌പെക്ടറും ലഹരിവിരുദ്ധ സ്‌ക്വാഡിലെ അംഗവുമായ എൻ.ജി. സുവ്രതകുമാറാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

  • തൃശൂർ സിറ്റിയിൽ ആദ്യ എം.ഡി.എം.എ കേസ്: 2020ൽ, പിടിയിലായത്: ആറ് പേർ, പിടിച്ചെടുത്തത്: അഞ്ച് ഗ്രാം.
  • 2021ൽ കേസുകൾ: 16, പിടിയിലായത്: 38, പിടിച്ചെടുത്തത്: 203 ഗ്രാം.
  • ഈ വർഷം ആഗസ്റ്റ് വരെ കേസുകൾ: 26, പിടിയിലായത്: 50, പിടിച്ചെടുത്തത്: 925 ഗ്രാം
  • കേരളത്തിൽ കഴിഞ്ഞ ആഗസ്റ്റ് വരെ പിടിച്ചെടുത്തത് : 6.7 കിലോഗ്രാം

  • നൈജീരിയൻ സംഘം

ഓൺലൈൻ തട്ടിപ്പും മയക്കുമരുന്ന് വ്യാപാരവുമെല്ലാമായി നൈജീരിയൻ സംഘങ്ങൾ രാജ്യത്ത് പലയിടങ്ങളിലുമായി വേരുറപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരം സംഘങ്ങളെ കുടുക്കിയാൽ മാത്രമേ പ്രാദേശിക മയക്കുമരുന്ന് മാഫിയകളെ തളയ്ക്കാനാകൂ. ഇതിനുളള പരിശ്രമത്തിലാണ് പൊലീസ്. വിമാനത്തിലും കൊറിയറിലുമായാണ് കേരളത്തിലേക്ക് പലരും മാരകമയക്കുമരുന്ന് എത്തിക്കുന്നത്. കുറഞ്ഞ അളവിൽ എത്തിച്ചാലും വൻവില കിട്ടുമെന്നതിനാൽ കണ്ണികളാകുന്നവരും ഏറെയാണ്.

  • ഗുജറാത്തിൽ രണ്ടായിരം കോടി

ഗുജറാത്തി രണ്ടായിരം കോടിയുടെ മയക്കുമരുന്നുകളാണ് കഴിഞ്ഞകാലങ്ങളിൽ പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഈ കണ്ണികൾ കേരളത്തിലെത്താൻ അധികം സമയം വേണ്ട. കേരളത്തിൽ എത്തുന്ന എം.ഡി.എം.എ 90 ശതമാനവും ബംഗളൂരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽനിന്നാണ്.

Advertisement
Advertisement