വിലങ്ങനിൽ നിന്ന് അവർ വരയ്ക്കും, തൃശൂരിൻ്റെ കാണാക്കാഴ്ചകൾ

Saturday 17 September 2022 12:30 AM IST
മേരാക്കിയിലെ അംഗങ്ങൾ

തൃശൂർ: വിലങ്ങൻകുന്നിലിരുന്ന് ഇരുപതോളം ചിത്രകാരികൾ തൃശൂരിന്റെ കാണാക്കാഴ്ചകളെ കാൻവാസിൽ പകർത്തും. വിലങ്ങന്റെ ടൂറിസം സാദ്ധ്യത പ്രതിഫലിപ്പിക്കുന്ന രീതിയിലാകും വര. തുടർന്ന് വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചിത്രകലാക്യാമ്പ് നടത്തും.

തങ്ങളുടെ കാഴ്ചപ്പാടിലുള്ള കേരളത്തെ അവതരിപ്പിക്കുകയാണ് തൃശൂർ ആസ്ഥാനമായ, 150 അംഗങ്ങളുള്ള 'മേരാക്കി'യുടെ ലക്ഷ്യം.

നാളെ (ഞായർ) രാവിലെ മുതൽ ഡി.ടി.പി.സിയുമായി ചേർന്ന് വിലങ്ങൻകുന്നിലാണ് ഈ ലക്ഷ്യത്തോടെയുള്ള ആദ്യക്യാമ്പ്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അംഗങ്ങളുടെ സഹായത്തോടെ ക്യാമ്പ് നടത്തും. നാളെ തൃശൂരിലെ 20 ചിത്രകാരികളാണ് പങ്കെടുക്കുക. മേരാക്കിയെന്ന പേരിൽ തൃശൂരിൽ ഏഴ് ചിത്രകാരികളുടെ പ്രദർശനം നടത്തിയാണ് 2019ൽ വെള്ളാനിക്കര ചിറക്കേക്കോട് സ്വദേശി പ്രതീക്ഷ സുബിന്റെ നേതൃത്വത്തിൽ കൂട്ടായ്മ തുടങ്ങിയത്.

തുടർന്ന് കൂടുതൽ അംഗങ്ങളെ ചേർത്തുണ്ടാക്കിയ വാട്‌സ് ആപ് ഗ്രൂപ്പിൽ ചിത്രരചനയെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും നടന്ന ചർച്ച പ്രദർശനത്തിലേക്കും ക്യാമ്പിലേക്കും വഴിമാറി.

  • അംഗീകാരമായി തപാൽ സ്റ്റാമ്പ്, ഇന്ത്യയിൽ ആദ്യം

മേരാക്കിയുടെ ലോഗോയുമായി തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ചിത്രകാരികളുടെ സംഘടനയ്ക്ക് ഇത്തരം അംഗീകാരം ലഭിച്ചത്. സ്റ്റാമ്പിന്റെ പ്രകാശനം നാളെ വിലങ്ങൻകുന്നിൽ നടക്കും.

ചിത്രകല പഠിച്ചവരും പഠിക്കാത്തവരും ആഭിമുഖ്യമുള്ളവരും അഭിഭാഷകർ, അദ്ധ്യാപകർ തുടങ്ങി വിവിധ തൊഴിൽരംഗങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. ആത്മസമർപ്പണത്തോടെ കലയെ സമീപിക്കുകയെന്നാണ് 'മേരാക്കി' എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം.

ചിത്രകാരികളുടേത് മാത്രമായ ഇടമാണ് മേരാക്കി. ചിത്രങ്ങളെ സ്നേഹിക്കുന്നവർക്ക് സ്വയം കണ്ടെത്താനുള്ള ഇടമാണിത്.

- പ്രതീക്ഷ സുബിൻ,​ ക്യുറേറ്റർ, മേരാക്കി

Advertisement
Advertisement