പ്രകാശസ്വരൂപമായ വിശ്വകർമ്മദേവൻ

Saturday 17 September 2022 1:33 AM IST

ഇന്ന് വിശ്വകർമ്മദിനം

.......................

വിശ്വത്തിന്റെ സൃഷ്ടികർത്താവും പ്രകാശസ്വരൂപനുമായ വിശ്വകർമ്മാവ് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിതിചെയ്തു മനസിനെ നിയന്ത്രിക്കുന്നതും ഹൃദയത്തിൽ സ്ഥിതിചെയ്യുന്നതുമായ സമ്യദ് ദർശനത്താൽ (നശിക്കുന്നത് ഏത് നശിക്കാത്തത് ഏത് ) മനനരൂപമായ ബുദ്ധികൊണ്ട് പ്രകാശിപ്പിക്കുന്നു. ഇതറിയുന്നവൻ മരണരഹിതനായിത്തീരുന്നു.

ലോകസൃഷ്ടാവായ വിശ്വകർമ്മാവ് പല പൂർവദൈവങ്ങളുടെയും പര്യായമാണ്. സർവതന്ത്ര സ്വതന്ത്രനും സർവന്തര്യാമിയും അരൂപിയുമായ പ്രജാപതി സർവശക്തനായ സൃഷ്ടികർത്താവ് വിരാട് വിശ്വബ്രഹ്മം എന്ന് ഋഗ്വേദം പറയുന്നു. സാനക, സനാതന, അഭൂവന, പ്രജ്ഞാസന, സപർണ എന്നീ ഋഷീശ്വരൻമാരും മനു, മയ, ത്വഷ്‌ഠ, ശില്പി, വിശ്വജ്ഞ എന്നീ പഞ്ചഋഷിമാരും പാഞ്ചജന്യം പഞ്ചലോഹം, പഞ്ചേന്ദ്രിയം, പഞ്ചകർമ്മം, പഞ്ചഭൂതം, പഞ്ചഗവ്യം, പഞ്ചാംഗം ഇവയെല്ലാം പഞ്ചമുഖനായ വിരാട് വിശ്വബ്രഹ്മത്തിൽ നിന്നും ഉണ്ടായതാണ്. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു തന്റെ ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര വിജ്ഞാനത്തിന്റെ കേദാരങ്ങളായിരുന്നു വിശ്വകർമ്മജർ എന്നു സൂചിപ്പിച്ചിട്ടുണ്ട്.

ഐശ്വര്യ ദേവതയായി ലക്ഷ്‌മി ദേവിയെയും വിദ്യാദേവതയായി സരസ്വതി ദേവിയെയും ശക്തിദേവതയായി ദുർഗാദേവിയെയും വിഘ്‌നങ്ങൾ തീർക്കാൻ വിഘ്‌നേശ്വരനെയും തൊഴിലിന്റെ അധിഷ്ഠാന ദേവനായ വിശ്വകർമ്മാവിനെയും തൊഴിലാളികൾ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

കന്നി സംക്രാന്തി ദിനത്തിലാണ് ഭാരതീയർ വിശ്വകർമ്മദിനം ആചരിക്കുന്നത്. ലോകത്തിലെ എല്ലാവിധ തൊഴിലിന്റെയും വ്യവസായത്തിന്റെയും അധിഷ്ഠാന ദേവനായിട്ടാണ് വിശ്വകർമ്മാവിനെ നൂറ്റാണ്ടുകളായി ഭാരതീയർ ആരാധിച്ചുവരുന്നത്. വിശ്വകർമ്മജരുടെ സൃഷ്ടിവൈഭവവും നിർമ്മാണ വൈഭവവും കണ്ട് ലോകം ഇവർക്ക് അറിഞ്ഞുനൽകിയ പേരാണ് വിശ്വകർമ്മജർ.

വൈദിക കാലഘട്ടത്തിന്റെ സൃഷ്ടാക്കൾ വിശ്വകർമ്മജരായിരുന്നു. വേദാഭ്യാസം, പൗരോഹിത്യ കർമ്മങ്ങൾ, നാടിനാവശ്യമായ സൃഷ്ടികർമ്മങ്ങൾ എന്നിവ ചെയ്തുപോന്നു. ഭാരതത്തിലെ ക്ഷേത്രങ്ങളും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന ജീവചൈതന്യം തുളുമ്പുന്ന വിഗ്രഹങ്ങളും സൃഷ്ടിച്ചത് വിശ്വകർമ്മജരായിരുന്നു. ചരിത്രപ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെയും പയ്യന്നൂർ പവിത്രമോതിരത്തിന്റെയും ഉടമകൾ വിശ്വസൃഷ്ടാക്കളായ വിശ്വകർമ്മജരാണ്. വെങ്കലപാത്രങ്ങൾ, ക്ഷേത്രങ്ങളിൽ ഭക്താദരപൂർവം ഉപയോഗിക്കുന്ന നിലവിളക്കുകൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വിശ്വകർമ്മജർ സമർത്ഥരാണ്. വിഗ്രഹാരാധനയ്ക്ക് പൂജാമുറകളും താന്ത്രിക വിദ്യകളും അവർ മെനഞ്ഞെടുത്തു. ചിത്രകലയിലും കരകൗശലവിദ്യയിലും വേദകാല വിശ്വകർമ്മജർക്ക് അസാമാന്യ വൈദഗ്ദ്ധ്യമുണ്ടായിരുന്നു.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മൂർത്തീമദ് രൂപമായ വിശ്വകർമ്മദേവനെ ആദരിച്ചുകൊണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കന്നിസംക്രാന്തി ദിനമായ സെപ്തംബർ 17 ന് പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യർ അറിഞ്ഞോ അറിയാതെയോ ഇന്നും വിശ്വകർമ്മാവിനെ തന്നെയാണ് സ്തുതിക്കുന്നത്. വിശ്വകർമ്മദേവന്റെ അനുഗ്രഹാശിസുകൾ നമുക്ക് എന്നും ലഭിക്കുന്നു. നിത്യവും സൂര്യതേജസിലൂടെ മനുഷ്യരാശിയിൽ മാത്രമല്ല സർവചരാചരങ്ങളിലും വിശ്വകർമ്മദേവന്റെ അനുഗ്രഹം ചൊരിയപ്പെടുന്നു.

ഫോൺ: 9746801436

Advertisement
Advertisement