 റഷ്യയുടെ കൂട്ടക്കുരുതി:..... ഇസിയത്തിലെ വനത്തിൽ സംസ്കരിച്ചത് 440 മൃതദേഹം

Saturday 17 September 2022 5:36 AM IST

കീവ്: റഷ്യയിൽ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെ ഖാർക്കീവിലെ ഇസിയം നഗരത്തിൽ നൂറുകണക്കിന് കുഴിമാടങ്ങൾ കണ്ടെത്തിയെന്ന് യുക്രെയിൻ. വനമേഖലയിലുള്ള ശ്മശാന ഭൂമിയിൽ 440 മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സംസ്കരിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. എന്നാൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരോ ചികിത്സ കിട്ടാതെ മരിച്ചവരോ ആകാമെന്ന് കരുതുന്നത്. യുക്രെയിൻ സൈനികരുടെ മൃതദേഹങ്ങളും ഇതിലുണ്ട്.

അധിനിവേശത്തിന്റെ ആദ്യ നാളുകളിൽ തന്നെ പിടിച്ചെടുത്ത ഇസിയത്തെ റഷ്യ തങ്ങളുടെ മിലിട്ടറി ഹബ്ബായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഈ മാസം ആദ്യമാണ് യുക്രെയിൻ ഇവിടം തിരിച്ചുപിടിച്ചത്. കീവിന് സമീപം ബുചയിലും തുറമുഖ നഗരമായ മരിയുപോളിലും കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. ഇസിയത്തിലെ 80 ശതമാനം നിർമ്മിതികളും റഷ്യ തകർത്തെന്നാണ് യുക്രയിനിന്റെ ആരോപണം.

അതേസമയം നിരവധി മൃതദേഹങ്ങൾ ഇനിയും അവശിഷ്ടങ്ങൾക്കിടയിലുണ്ട്. അതേസമയം റഷ്യയ്ക്കെതിരായ യുക്രെയിന്റെ തിരിച്ചടിക്ക് പിന്തുണയറിയിച്ച് യു.എസ് 600 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു.

Advertisement
Advertisement