സംസാരിക്കാൻ ബുദ്ധിമുട്ട് വന്നതോടെയാണ് പരിശോധന നടത്തിയത്, പിന്നെ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ; താര കല്ല്യാണിന്റെ അസുഖം വെളിപ്പെടുത്തി കുടുംബം

Saturday 17 September 2022 1:25 PM IST

കഴിഞ്ഞ ബുധനാഴ്ചയാണ് നടിയും നർത്തകിയുമായ താര കല്ല്യാണിന് സർജറി ആവശ്യമാണെന്നും എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാവണമെന്നും മകൾ സൗഭാഗ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഓപ്പറേഷൻ തീയേറ്ററിൽ നിന്നുള്ള താരയുടെ ചിത്രവും ഒപ്പം പങ്കുവച്ചിരുന്നു. പോസ്റ്റ് കണ്ടയുടൻ തന്നെ എന്തിനാണ് സർജറിയെന്ന് നിരവധിപേർ കമന്റുകളിലൂടെ ചോദിച്ചിരുന്നു. ഇതിനുള്ള ഉത്തരം ഇപ്പോൾ നൽകിയിരിക്കുകയാണ് താരം. യൂട്യൂബിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതു വരെയുള്ള കാര്യങ്ങൾ താരം വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിലാണ് തൈറോയ്ഡിന്റെ പ്രശ്നമുണ്ടെന്ന് മനസിലായതെന്ന് താര കല്ല്യാണിന്റെ അമ്മ സുബലക്ഷ്മി പറയുന്നു. രാവിലെ 8.30ന് സർജറിയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് പൂർത്തിയായത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയയായിരുന്നെന്നും സൗഭാഗ്യ പറയുന്നു. ഒപ്പം പ്രാർത്ഥിച്ചവർക്കെല്ലാം കുടുംബം നന്ദിയും പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത കുടുംബമാണ് താര കല്ല്യാണിന്റേത്. സൗഭാഗ്യയുടെ കുഞ്ഞ് സുദർശന ഉൾപ്പെടെ താരയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.