ഡിജിറ്റൽ പ്ലാറ്റ് ഫോം: ചെറുകിട റബർ കർഷകർ ആശങ്കയിൽ.

Sunday 18 September 2022 12:00 AM IST

കോട്ടയം. റബർ ബോർഡ് ഡിജിറ്റൽ പ്ലാറ്റ് ഫോം പ്രോത്സാഹിപ്പിക്കുന്നത് ചെറുകിട റബർ കർഷകരെ ആശങ്കയിലാക്കുന്നു. വൻകിട കമ്പനികളുമായി കർഷകർക്ക് നേരിട്ട് കച്ചവടം നടത്താനുള്ള സാഹചര്യമാണ് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് റബർ ഉത്പാദിപ്പിക്കുന്ന എല്ലാ കർഷകനും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ റബർ വിൽക്കാം. കർഷകർ ഉത്പാദിപ്പിക്കുന്ന റബർ വാങ്ങുന്നതിൽ 80 ശതമാനവും റബർ കമ്പനികളാണ്. ഇത് മൂലം വിപണിയിൽ കമ്പനികളും ഇടനിലക്കാരും ഇടപെടുകയും റബറിന്റെ വില ഇടിയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുകയുമാണ്. ഓൺലൈൻ പ്ലാറ്റ് ഫോമിൽ റബറിന്റെ വില നിശ്ചയിക്കുന്നതിൽ റബർ ബോർഡിന്റെ ഇടപെടലില്ല. ഇത് വിപണിയിൽ കൃത്രിമത്തിന് കാരണമാകുന്നു. ഓൺലൈൻ വ്യാപാരം വന്നതോടെ ടയർകമ്പനികൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഷീറ്റിന്റെ ഏകദേശ ധാരണ ലഭിക്കും. തുടർന്ന് ടയർകമ്പനികൾ വിപണിയിൽ ഇടപെടുകയും വില മനപ്പൂർവ്വം ഇടിക്കുകയും ചെയ്യുന്നു. ഇത് മൂലം കർഷകന് തങ്ങളുടെ റബറിന് മതിയായ വില ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ഓൺലൈൻ പ്ലാറ്റ് ഫോം വന്നതാണ് റബറിന്റെ വില ഓരോ ദിവസവും ഇടിയാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. നിരവധി കർഷകർക്ക് അവധി വ്യാപാരത്തിലൂടെ പണം നഷ്ടമാവുകയും ചെയ്തു. ഒന്നാം ഘട്ട അവധി വ്യാപാരം നഷ്ടമായിരുന്നു എന്നാണ് വിലയിരുത്തൽ. ഇതോടെ റബർ ബോർഡ് അവധി വ്യാപാരം നിറുത്തലാക്കി.

കൃത്യമായി പഠനം നടത്താതെ ഓൺലൈൻ പ്ലാറ്റ് ഫോം തുടങ്ങിയതിന്റെ പ്രത്യാഘാതമാണ് തുടർച്ചയായ റബർ വിലയിടിവിന് കാരണം. ഓൺലൈൻ പ്ലാറ്റ് ഫോം ചെറുകിട റബർ വ്യാപാര കേന്ദ്രങ്ങൾക്കും തിരിച്ചടിയായി. ഇത്തരം കടകൾ നിന്നു പോയാൽ ചെറുകിട കർഷകർക്ക് ബുദ്ധിമുട്ടാകും.

കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.

സാധാരണക്കാരായ കർഷകരെ ഡിജിറ്റൽ വിപണിയിലേക്ക് തള്ളിവിടുന്ന നയമാണ് റബർബോർഡ് സ്വീകരിച്ചിരിക്കുന്നത്.

Advertisement
Advertisement