സ്കൂൾ ലിഫ്റ്റിൽ കുടുങ്ങി, തല തകർന്ന് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
മുംബയ്: മുംബയിൽ സ്കൂൾ ലിഫ്റ്റിൽ കുടുങ്ങിയ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. 26 കാരിയായ ജെനീൽ ഫെർണാണ്ടസ് ആണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. നോർത്ത് മുംബയിലെ മാലാടിൽ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം നടന്നത്. സി സി ടി വി ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണിയോടെ ജനീൽ ഫെർണാണ്ടസ് സ്കൂളിലെ ആറാമത്തെ നിലയിൽ നിന്നും രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേയ്ക്ക് എത്താനായി ലിഫ്റ്റിൽ പ്രവേശിക്കുകയായിരുന്നു. ലിഫ്റ്റിന്റെ ഡോറുകൾക്കിടയിൽ ഹാൻഡ് ബാഗ് കുരുങ്ങുകയും ലിഫ്റ്റിനോടൊപ്പം താഴേയ്ക്ക് നീങ്ങിയ യുവതിയുടെ തലയ്ക്ക് മരണകാരണമായ കനത്ത ആഘാതമേൽക്കുകയുമായിരുന്നു.
അപകടത്തെ തുടർന്ന് യുവതിയെ അടിയന്തരമായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.