ചീറ്റകളുടെ സംരക്ഷണത്തിന് ലണ്ടനിൽ ചൊക്ളി സ്വദേശിനിയുടെ ചിത്രം

Saturday 17 September 2022 9:07 PM IST
സഞ്ജുന മെഡോണക്കെണ്ടി ചിത്രീകരണ വേളയിൽ

തലശ്ശേരി: രാജ്യത്തെ ചീറ്റപ്പുലികളുടെ വംശനാശത്തിന് പരിഹാരമായി ആഫ്രിക്കയിൽ നിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പദ്ധതിയൊരുക്കിയപ്പോൾ അകലെ ലണ്ടനിൽ ചൊക്ളി സ്വദേശിനി സഞ്ജുന മഡോണക്കെണ്ടിയുടെ ബോധവത്കരണ വീഡിയോ ഒരുങ്ങുന്നു.ലോകത്തെ ചീറ്റകളുടെ സംരക്ഷണം മുൻനിർത്തിയാണ് ഇറ്റാലിയൻ മോഡലായ ഡിമിട്രിയസ് ജോഹാൻസണൊപ്പം ഇതിൽ അഭിനയിക്കുന്നത്.

ബ്രൂൺ ഗ്രാഫ് എന്ന പ്രൊഡക്ഷൻ ബാനറിൽ വന്യജീവി സംരക്ഷണം മുഖ്യവിഷയമാക്കി ബോധവത്കരണവും പ്രചാരണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഡിമിട്രിയസ് ജോഹാൻസണൊപ്പം ചീറ്റ പുലിത്തോലണിഞ്ഞ വനകന്യകയുടെ വേഷത്തിലാണ് സഞ്ജുന അഭിനയിക്കുന്നത്.

സൗന്ദര്യവസ്തുക്കൾ അലങ്കാരവസ്തുക്കൾ തുകൽ വസ്ത്രനിർമ്മാണം തുടങ്ങിയ നിരവധി നിർമ്മാണ നിർവ്വഹണങ്ങൾക്കായി ചെറുതും വലുതുമായ പക്ഷിമൃഗാദികളെ കൊന്നൊടുക്കി വംശനാശത്തിലേക്കെത്തിക്കുന്നതിനെതിരെ ശബ്ദമുയർത്തിയും, പ്രതികരിച്ചും ഒപ്പം ബോധവത്ക്കരണ പ്രവർത്തനവുമായി ലണ്ടനിലെ ഫാഷൻ മോഡൽ രംഗത്തെ പ്രമുഖ മോഡലുകൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
മനുഷ്യരെപ്പോലെതന്നെ മറ്റ് ജീവജാലങ്ങൾക്കും ഭൂമിയിലുള്ള അവകാശം അംഗീകരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. മനുഷ്യന്റെ കടന്നുകയറ്റം ഒട്ടേറെ ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുവെന്നാണ് ലണ്ടനിലെ പ്രമുഖ മോഡലും പരിസ്ഥിതിസ്‌നേഹിയുമായ സഞ്ജുന പറയുന്നത് .
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ലണ്ടനിൽ മോഡലിംഗ് രംഗത്ത് സഞ്ജുന സജീവമായത്. ലണ്ടനിലെ പ്രശസ്തമായ ഫാഷൻ കമ്പനിയിലാണ് ഇവർ പ്രവർത്തിക്കുന്നത്. സഞ്ജുന മഡോണക്കെണ്ടിക്ക് ലണ്ടനിൽ നടന്ന നിരവധി സൈനിക ചടങ്ങുകളിലും ക്ഷണിതാവെന്ന നിലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്

Advertisement
Advertisement