ആഴക്കടലിലെ ഭീകരൻ

Sunday 18 September 2022 5:25 AM IST

കാൻബെറ : ഭൂമിയുടെ എഴുപത് ശതമാനവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഇതിൽ വെറും അഞ്ച് ശതമാനത്തോളമാണ് മനുഷ്യർ പര്യവേക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടുള്ളത്. കടലിനുള്ളിലെ രഹസ്യങ്ങൾ കണ്ടെത്തുകയെന്നത് ശാസ്ത്രലോകത്തിന് ആവേശം നിറഞ്ഞ ഒന്നാണ്.

ഭൂമിയിലെ സമുദ്രങ്ങളുടെ അടിത്തട്ടിനേക്കാൾ ചന്ദ്രന്റെ ഉപരിതലത്തെ പറ്റി മനുഷ്യരാശിയ്ക്ക് ധാരണയുണ്ടെന്നതാണ് സത്യം. അറിയും തോറും ആഴമേറിയതും ദുരൂഹത നിറഞ്ഞതുമാണ് സമുദ്രാന്തർഭാഗത്തെ പറ്റിയുള്ള വിവരങ്ങൾ. കടലിന്റെ അടിത്തട്ടിൽ വിചിത്ര ജീവികൾ വരെയുണ്ടാകുമെന്ന് പലരും കരുതുന്നു. ഇപ്പോഴിതാ ആഴക്കടലിൽ നിന്ന് ലഭിച്ച ഒരു വിചിത്ര സ്രാവ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഓസ്ട്രേലിയയിലെ സിഡ്നി സ്വദേശിയായ ജേസൺ മോഴ്‌സ് എന്ന മത്സ്യത്തൊഴിലാളിയുടെ വലയിലാണ് ഈ വിചിത്ര സ്രാവ് കുടുങ്ങിയത്. 650 മീറ്റർ താഴ്ചയിൽ നിന്നാണ് കട്ടിയേറിയ ത്വക്കും പുറത്തേക്ക് തള്ളിയ കൂർത്ത പല്ലുകളും നീണ്ട മൂക്കും വലിയ കണ്ണുകളോടും കൂടിയ ഈ സ്രാവിനെ ലഭിച്ചത്. ഇതെന്ത് തരം സ്രാവാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ കണ്ട എല്ലാവരും ആലോചിക്കുന്നത്.

വംശനാശത്തെ അതിജീവിച്ച ഏതെങ്കിലും ചരിത്രാതീത സ്രാവാണോ ഇതെന്നാണ് ചിലർ ചോദിക്കുന്നത്. ഇതൊരു വ്യാജ സ്രാവ് ആണോന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. എന്നാൽ ചിലരാകട്ടെ, ഇതൊരു ' കുക്കി - കട്ടർ " ഷാർക് ആകാമെന്ന് പറയുന്നു.

എന്നാൽ ഇത് കുക്കി കട്ടർ ഷാർക് അല്ലെന്നാണ് ജേസൺ പറയുന്നത്. എൻഡെവർ ഡോഗ് ഷാർക്കിന്റെ സ്പീഷീസിൽപ്പെട്ട റഫ്‌സ്കിൻ ഷാർക് ആണിതെന്നും സമുദ്രോപരിതലത്തിൽ നിന്ന് 600 മീറ്ററിൽ കൂടുതൽ താഴ്ചയുള്ള പ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നതെന്നും ജേസൺ പറയുന്നു.

Advertisement
Advertisement