എലിസബത്ത്  രാജ്ഞിയ്ക്ക് അന്ത്യോപചാരമർപ്പിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, തിങ്കളാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും

Sunday 18 September 2022 7:17 PM IST

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ത്രിദിന സന്ദർശനത്തിനായി ബ്രിട്ടണിലെത്തിയ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്ഞിയുടെ ഭൗതിക ശരീരം സൂക്ഷിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗികമായ അനുശോചനവും ഹാളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകത്തിൽ പ്രസിഡന്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ശനിയാഴ്ച ലണ്ടനിലെത്തിയ പ്രസിഡന്റിനെ ആക്ടിങ്ങ് ഹൈക്കമ്മീഷണർ സുജിത്ത് ഘോഷ് അടക്കം ലാൻകാസ്റ്റർ ഹൗസിൽ വെച്ച് സ്വീകരിച്ചിരുന്നു. സെപ്തംബർ 8 നാണ് ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാ‌ജകുടുംബത്തിന്റെ ഭരണാധികാരിയായി തുടർന്ന എലിസബത്ത് രാജ്ഞി പ്രായാധിക്യം മൂലമുള്ള അവശകതകളെ തുടർന്ന് സ്കോട്ട്ലാന്റിൽ വെച്ച് മരണപ്പെട്ടത്.

രണ്ട് മിനിറ്റ് മൗനാചരണത്തോടെ തിങ്കളാഴ്ച പ്രാദേശിക സമയം 11 മണിയ്ക്ക് ആരംഭിക്കുന്ന രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ 500-ാളം ലോകനേതാക്കളും 2000-ത്തോളം ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള രാജകുടുംബാംഗങ്ങളും പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി കിംഗ് ചാൾസ് ബെക്കിങ്ഹാം കൊട്ടാരത്തിൽ നടത്തുന്ന സ്വീകരണ പരിപാടിയിലും രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുന്നുണ്ട്.