കിഴക്കേകോട്ടയിലേത് ആളുകയറാതെ ഫുട് ഓവർബ്രിഡ്‌ജ്

Monday 19 September 2022 1:42 AM IST

 നടപടി സ്വീകരിക്കാതെ നഗരസഭയും പൊലീസും

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്‌ത കിഴക്കേകോട്ട ഫുട് ഓവർ ബ്രിഡ്‌ജിൽ കാൽനടയാത്രക്കാരുടെ പൊടിപോലുമില്ല. വ്യാഴാഴ്‌ച ഫുട് ഓവർ ബ്രിഡ്‌ജ് വന്ന് ഒരു മാസം തികയാനിരിക്കെ കേരളകൗമുദി നടത്തിയ അന്വേഷണത്തിലാണ് പാലം കയറാൻ ആരും മെനക്കെടുന്നില്ലെന്ന് കണ്ടെത്തിയത്. ധൃതിപിടിച്ച് ഓടുന്ന യാത്രക്കാരെല്ലാം റോഡ് മുറിച്ച് കടക്കുകയാണ് ചെയ്യുന്നത്. പടികയറി ബ്രിഡ്‌ജിന് മുകളിലെത്തി നടന്ന് താഴെ ഇറങ്ങുമ്പോഴേക്കും ബസ് പോകുമെന്നാണ് പലരും പറയുന്നത്. ലിഫ്‌റ്റ് ഉണ്ടെങ്കിലും മിക്കപേരും ഉപയോഗിക്കാറില്ല. ഫുട് ഓവർ ബ്രിഡ്‌ജ് കാണാൻ നിരവധി പേർ രാത്രിയിൽ എത്തുന്നുണ്ട്. അതിനപ്പുറം കോടികൾ ചെലവാക്കി നഗരമദ്ധ്യത്തിൽ പണിത ഫുട് ഓവർ ബ്രിഡ്‌ജ് കാര്യമായി ഉപയോഗപ്പെടുത്താൻ നഗരസഭയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഫുട് ഓവർ ബ്രിഡ്‌ജാണ് കിഴക്കേകോട്ടയിലേത്.

അടിയന്തര ഇടപെടൽ വേണം

ഫുട് ഓവർ ബ്രിഡ്‌ജിൽ പൊതുജനം കയറാനുള്ള അടിയന്തര ഇടപെടൽ പൊലീസും നഗരസഭയും നടത്തണമെന്നാണ് നിർമ്മാണ കമ്പനിയായ ആക്‌സോ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരും പറയുന്നത്. റോഡ് മുറിച്ചുകടക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെല്ലാം അടയ‌്ക്കണം. അല്ലെങ്കിൽ ആറ് കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുട് ഓവർ ബ്രിഡ്‌ജ് പ്രയോജനമില്ലാതായി പോകുമെന്നും ഇവർ പറയുന്നു.

എസ്‌കലേറ്റർ

കിഴക്കേകോട്ടയിൽ ഫുട് ഓവർ ബ്രിഡ്‌ജ് വേണമെന്ന ആവശ്യമുയർന്ന സമയത്ത് മനുഷ്യാവകാശ കമ്മിഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയിരുന്നു. പൊതുജനങ്ങൾ ബ്രിഡ്‌ജ് വഴി പോകാൻ സാദ്ധ്യത കുറവാണെന്നായിരുന്നു അന്ന് പൊലീസ് സമർപ്പിച്ച റിപ്പോട്ട്. ഫുട് ഓവർ ബ്രിഡ്‌ജിൽ കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി റോഡ് മുറിച്ച് കടക്കാനേ ജനം ശ്രമിക്കൂ. അതിനാൽ എസ്‌കലേറ്റർ മാതൃകയിലുള്ള ബ്രിഡ്‌ജാണ് നിർമ്മിക്കുന്നതെങ്കിൽ ജനങ്ങൾ ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഫുട് ഓവർ ബ്രിഡ്‌ജ് വരാതിരിക്കാൻ പൊലീസ് മുടന്തൻ ന്യായം പറയുകയാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തള്ളുകയായിരുന്നു.

രണ്ട് മാർഗങ്ങൾ

കിഴക്കേകോട്ടയിൽ റോഡ് മുറിച്ച് കടക്കുന്നത് കർശനമായും നിരോധിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡിപ്പോയ്‌ക്ക് മുന്നിലുളള പെട്രോൾ പമ്പിന്റെ ഭാഗത്തേക്ക് ഫുട് ഓവർ ബ്രിഡ്‌ജ് നീട്ടണമെന്ന മറ്റൊരു അഭിപ്രായവുമുണ്ട്. കൂടുതൽ പേരും ബസിറങ്ങുന്നത് ഇവിടെയാണ്. ഈ രണ്ടാവശ്യങ്ങളും ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫുട് ഓവർ ബ്രിഡ്‌ജിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവർത്തകൻ കവടിയാർ ഹരികുമാർ.

Advertisement
Advertisement