ഫിലിപ്പ് രാജകുമാരന്റെ അടുത്തേക്ക് രാ‌ജ്ഞിയും..

Monday 19 September 2022 6:24 AM IST

ലണ്ടൻ : 70 വർഷം ബ്രിട്ടീഷ് സിംഹാസനത്തിൽ തുടർന്ന് ചരിത്രം കുറിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുകയാണ്. ഭർത്താവ് ഫിലിപ്പിനൊപ്പമാണ് രാജ്ഞിയുടെ അന്ത്യവിശ്രമം. ചരിത്രത്തിലെ ഏറ്റവും വലിയ വിലാപ യാത്രകളിലൊന്നിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ അവസരത്തിൽ രാജ്ഞിയുടെ അവസാന യാത്രയിൽ നിർണായക സ്ഥാനം വഹിക്കുന്ന ചില വസ്തുതകളിലൂടെ;

 സ്റ്റേറ്റ് ഗൺ കാര്യേജ്

റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാര്യേജിലാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിക്കുന്നത്. 142 നാവികർ ചേർന്നാണ് ഗൺ കാര്യേജിനെ വലിക്കുന്നത്. 1979ലാണ് ഈ ഗൺ കാര്യേജ് അവസാനമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഫിലിപ്പ് രാജകുമാരന്റെ അമ്മാവൻ ലോർഡ് മൗണ്ട് ബാറ്റന്റെ സംസ്കാരച്ചടങ്ങുകൾക്കായിരുന്നു അത്. 1952ൽ രാജ്ഞിയുടെ പിതാവ് ജോർജ് ആറാമന്റെ സംസ്കാരച്ചടങ്ങിലും ഇത് ഉപയോഗിച്ചു.

 വെസ്റ്റ്‌മിൻസ്റ്റർ ആബി

രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്ന ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ ആബി 1953ൽ എലിസബത്ത് രാജ്ഞിയുടേത് ഉൾപ്പെടെ ബ്രിട്ടീഷ് രാജാക്കൻമാരുടെയും രാജ്ഞിമാരുടെയും കിരീടധാരണത്തിന് സാക്ഷ്യം വഹിച്ച ചരിത്ര പ്രസിദ്ധമായ പള്ളിയാണ്. 1947ൽ ഫിലിപ്പ് രാജകുമാരനുമായി എലിസബത്ത് രാജ്ഞിയുടെ വിവാഹം നടന്നത് ഇവിടെ വച്ചാണ്. 18ാം നൂറ്റാണ്ട് മുതൽ ഒരു ബ്രിട്ടീഷ് ഭരണാധികാരിയുടെയും സംസ്കാരച്ചടങ്ങ് ഇവിടെ നടന്നിട്ടില്ല. എന്നാൽ, 2002ൽ എലിസബത്ത് രാജ്ഞിയുടെ മാതാവ് എലിസബത്ത് ആംഗല മാഗരീറ്റ് ബൗവ്സ്-ലയോണിന്റെ ( ക്വീൻ മദർ )​ സംസ്കാരച്ചടങ്ങുകൾ ഇവിടെ നടന്നിരുന്നു.

 വിൻഡ്‌സർ കാസിൽ

ഏകദേശം 1,000 വർഷമായി 40 ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായി താമസിച്ചുവന്ന കോട്ട. എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. രാജ്ഞി തന്റെ കൗമാരത്തിൽ ഈ കോട്ടയിൽ കഴിഞ്ഞിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തും രാജ്ഞി വിൻഡ്‌സറിലാണ് താമസിച്ചിരുന്നത്. ഫിലിപ്പ് രാജകുമാരൻ മരിച്ചത് ഇവിടെ വച്ചാണ്.

 സെന്റ് ജോർജ്‌സ് ചാപ്പൽ

വിവാഹം, മാമോദിസ, സംസ്കാരം തുടങ്ങിയ ചടങ്ങുകൾക്ക് രാജകുടുംബാംഗങ്ങൾ തിരഞ്ഞെടുക്കുന്നത് സെന്റ് ജോർജ്‌സ് ചാപ്പലിനെയാണ്. വിൻഡ്‌സർ കാസിലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മദ്ധ്യകാലഘട്ട ഗോഥിക് ശൈലിയിലെ ചാപ്പൽ. 2018ൽ ഹാരി രാജകുമാരനും മേഗൻ മാർക്കിളും വിവാഹിതരായത് ഇവിടെയാണ്. ഫിലിപ്പ് രാജകുമാരന്റെ സംസ്കാരച്ചടങ്ങ് നടന്നതും ഇവിടെയാണ്.

 റോയൽ വോൾട്ട്

രാജ്ഞിയുടെ മൃതദേഹം വഹിക്കുന്ന പേടകത്തെ സെന്റ് ജോർജ്സ് ചാപ്പലിലെ ഭൂഗർഭ നിലവറയിലെ ' റോയൽ വോൾട്ടിൽ " ഭർത്താവ് ഫിലിപ്പ് രാജകുമാരനെ സംസ്‌കരിച്ച പേടകത്തിന് അരികിലേക്ക് മാറ്റും. ഇതിന് ശേഷമാണ് സെന്റ് ജോർജ്‌സ് ചാപ്പലിലെ തന്നെ കിംഗ് ജോർജ് VI മെമ്മോറിയൽ ചാപ്പലിൽ 73 വർഷം ഒരുമിച്ച് ജീവിച്ച ഇരുവരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചത്.

15ാം നൂറ്റാണ്ട് മുതൽ രാജകുടുംബാംഗങ്ങളുടെ മൃതദേഹം അടക്കം ചെയ്യാൻ റോയൽ വോൾട്ട് ഉപയോഗിക്കുന്നു. ജോർജ് മൂന്നാമൻ രാജാവിന്റെ കാലത്ത് 1804 - 1810 കാലയളവിലാണ് റോയൽ വോൾട്ട് നിർമ്മിച്ചത്. നിലവിൽ ജോർജ് മൂന്നാമൻ അടക്കം 24 രാജകുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ ഇവിടെയുണ്ട്. ജോർജ് മൂന്നാമന്റെ ഇളയ മകൾ അമേലിയയെ ആണ് ആദ്യമായി ഇവിടെ അടക്കം ചെയ്തത്.

ഫിലിപ്പ് രാജകുമാരന് മുമ്പ്, ഇവിടെ അടക്കം ചെയ്തത് അദ്ദേഹത്തിന്റെ മാതാവ് ആലിസ് രാജകുമാരിയെ ആയിരുന്നു. 1969ലായിരുന്നു ഇത്. എന്നാൽ ആലീസിന്റെ കല്ലറ പിന്നീട് ജെറുസലേമിലേക്ക് മാറ്റി.

Advertisement
Advertisement