'കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് കഴിച്ചിരുന്നത്'; സീരിയൽ നടി രശ്മി ഗോപാലിന്റെ അസുഖ വിവരം വെളിപ്പെടുത്തി സഹതാരം

Monday 19 September 2022 1:04 PM IST

സഹപ്രവർത്തക ഇനി ഓർമ്മ മാത്രമാണെന്ന യാഥാർത്ഥ്യം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സ്വന്തം സുജാത പരമ്പരയിലെ താരങ്ങളും അണിയറപ്രവർത്തകരും. പരമ്പരയിൽ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന രശ്മിയുടെ മരണവാർത്ത ആരാധകരെയും നൊമ്പരത്തിലാഴ്ത്തി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി മരണപ്പെട്ടത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്.

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. ഞാൻ പറഞ്ഞതനുസരിച്ച് ചേച്ചി ഒരു ബ്ലഡ് ടെസ്റ്റും ചെയ്തിരുന്നു. ഓണത്തിന് തറവാട്ടിൽ പോയപ്പോഴും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കസിനെ കാണാനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്. വയറ് ബ്ലോക്കായി, ഫ്ലൂയിഡി റിട്ടൻഷനായി. ഡോക്ടർ ആർസിസിയിലേയ്ക്ക് റഫർ ചെയ്തു. കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. മിനിഞ്ഞാന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോൾ ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായി. ബയോപ്സിയുടെ റിസൾട്ട് വരുന്നതിന് മുന്നേ ചേച്ചി പോയി'- രശ്മിയുടെ പ്രിയസുഹൃത്തും സഹതാരവുമായ ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

ബംഗളൂരുവിൽ ജനിച്ചുവളർന്ന രശ്‌മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ധാരാളം സീരിയലുകളിൽ മികച്ച വേഷം ചെയ്‌തു. ഇതിനുപുറമെ തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ- പ്രശാന്ത് കേശവ്.