പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചു; ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് പാർട്ടിയിൽ അംഗമായി

Monday 19 September 2022 6:17 PM IST

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് (80) ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചു. ഇന്ന് രാവിലെ ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്‌‌‌ദയുമായി ചർച്ചയ്‌ക്ക് ശേഷമാണ് അമരീന്ദർ ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും 2021 സെപ്‌തംബർ 18ന് അദ്ദേഹം രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവച്ചിരുന്നു. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന നവ് ജ്യോത് സിംഗ് സിദ്ദുവുമായുള‌ള അഭിപ്രായഭിന്നതയാണ് ഇതിലേക്ക് നയിച്ചത്. പിന്നീട് നവംബർ മാസത്തിൽ പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാപിച്ചു. എന്നാൽ ഈ വർഷം ആദ്യം പഞ്ചാബിൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിനാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ചികിത്സയ്‌ക്കായി ലണ്ടനിലായിരുന്ന അമരീന്ദർ ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്.

Advertisement
Advertisement