ഗവ‌ർണറുടേത് ഭരണഘടനാ ലംഘനം, വാ‌ർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെ, വിമർശിച്ച് കാനം രാജേന്ദ്രൻ

Monday 19 September 2022 6:32 PM IST

തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെയാണെന്ന് കാനം പരിഹസിച്ചു. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവ‌ർണർക്കാവില്ലെന്നും കാനം വിമർശിച്ചു.

രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താൻ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്. കേരളത്തിന്റെ ഗവർണർ രാജ്യത്തെ ഭരണഘടന ലംഘിച്ചിരിക്കുകയാണ്. ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ദവർണർക്കാവില്ല. അതിന് ഭരണഘടനയും നിയമവുമുണ്ട്. അതനുസരിച്ച് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകും. തികച്ചും ബാലിശമായ വാദഗതികളാണ് ഗവ‌ർണറുടേതെന്നും കാനം പറഞ്ഞു.

പന്ത്രണ്ടുമണിയോടെയാണ് രാജ്ഭവനിൽ ഗവർണർ അസാധാരണ വാർത്താസമ്മേളനം ആ‌രംഭിച്ചത്. വിവാദമായ ചരിത്രകോൺഗ്രസ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് തുടങ്ങിയ ഗവർണർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാൻ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നും ആരോപിച്ചു. ഇപ്പോൾ രാഗേഷിന് ലഭിച്ച ഉന്നത സ്ഥാനം അറസ്റ്റ് തടഞ്ഞതിലുള്ള പ്രത്യുപകാരമാണെന്നും പറഞ്ഞു. തുടർന്ന് കണ്ണൂർ സർവകലാശാലാ വി സി പുനർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും മുഖ്യമന്ത്രി എഴുതിയ മൂന്ന് കത്തുകൾ പുറത്തുവിടുകയും ചെയ്തു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തികച്ചും അസാധാരണ നീക്കങ്ങളാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്.

Advertisement
Advertisement