മയക്കുമരുന്നിനെതിരെ 'യോദ്ധാവ്' വരുന്നു.

Tuesday 20 September 2022 12:00 AM IST

കോട്ടയം. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയാൻ കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. രണ്ടാഴ്ചയായി പദ്ധതിയിലേക്കുള്ള ട്രെയിനിംഗ് ക്ലാസുകൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ തുടങ്ങി എല്ലാതലത്തിലുമുള്ള ആളുകൾക്കുമാണ് ബോധവത്കരണ ക്ലാസുകൾ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിൽ നിന്നും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള അദ്ധ്യാപകരെ കണ്ടെത്തി അവർക്ക് രണ്ട് ദിവസത്തെ ട്രെയിംനിംഗ് നൽകും. മയക്കുമരുന്ന് ഉപയോഗം കുറയ്ക്കൽ, അടിമകളെ അഡിക്‌ഷനിൽ നിന്ന് മാറാനുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ പരിശീലനമാണ് നൽകുന്നത്. ട്രെയിനിംഗ് നേടിയ അദ്ധ്യാപകർ (യോദ്ധാവ്) അതത് സ്‌കൂളുകളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മയക്കുമരുന്നിനെതിരെ ബോധവത്കരണപ്രവർത്തനങ്ങളും ക്ലാസുകളും നൽകും. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.

മറ്റു നടപടികൾ.

മയക്കുമരുന്നിന് എതിരെയുള്ള ബോധവത്കരണം വ്യാപിപ്പിക്കും.

വിവരങ്ങൾ പങ്കുവയ്ക്കാനായി ഒരു ഹെൽപ് ലൈൻ നമ്പർ നൽകും

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം വ്യാപിപ്പിക്കും.

വാഹനങ്ങൾ പരിശോധിക്കാൻ പൊലീസ് നായ്ക്കളെ നിയോഗിക്കും.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.

പദ്ധതിയുടെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെയും കച്ചവടം ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കും. ഇവർക്കെതിരെ കാപ്പാ പോലുള്ള നിയമങ്ങൾ ചുമത്തും. എല്ലാ പൊലീസ് സ്റ്റേഷനിലും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ട്.

Advertisement
Advertisement