നാഥനില്ലാക്കളരിയായി പാലോട് സർക്കാർ ആശുപത്രി

Tuesday 20 September 2022 3:01 AM IST

പാലോട്: ദിനംപ്രതി നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന പാലോട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിസന്ധിയാകുന്നു. മലയോര മേഖലയിലെ സാധാരണക്കാരായ രോഗികളുടെ പ്രധാന ആശ്രയമായ ആശുപത്രിക്കാണ് ഈ ദുർഗതി. നിലവിൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് രോഗികൾക്കുള്ള ചികിത്സയും. പഴയ ഒ.പി കെട്ടിടം പൊളിച്ച് പ്രീ ഫാബ്രിക്കേഷൻ മാതൃകയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കിഫ്ബിയാണ് ഫണ്ട് അനുവദിച്ചത്. കേരള മെഡിക്കൽ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. എന്നാൽ ആശുപത്രിയിൽത്തന്നെ നിരവധി കെട്ടിടങ്ങൾ ഉദ്ഘാടന മാമാങ്കം നടത്തി അടച്ചിട്ട നിലയിലാണ്.

വികസന പദ്ധതികളുടെ പേരിൽ നിരവധി മരാമത്ത് പ്രവൃത്തികളാണ് നടന്നിട്ടുള്ളത്. രണ്ട് കോടിയുടെ വികസനമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പാലോട് ആശുപത്രിയിൽ നടപ്പിലാക്കിയത്. ആദിവാസി മേഖലയുടെ ആശ്രയമായ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ്, എക്സറേ യൂണിറ്റ്, ഡീ അഡിക്ഷൻ സെന്റർ, പുരുഷൻമാരുടെ വാർഡ് നവീകരണം എന്നിവ നടന്നു. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും പ്രവർത്തന സജ്ജമല്ലാത്ത നിലയിലാണ്. കൊവിഡ് രോഗബാധ നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിലും ഒരു പരിധിവരെയെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകയായ ആശുപത്രിക്കാണ് ഈ ദുർഗതി.

Advertisement
Advertisement